ADVERTISEMENT

ചെന്നൈ∙ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം തമിഴ്​നാട്ടിൽ വലിയ മുന്നേറ്റത്തിന് ഒരുങ്ങി ഇളയ ദളപതി വിജയ്. തമിഴ്​നാട്ടിലുടനീളം കാൽനടയായി യാത്ര ചെയ്യാനാണ് താരത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഉടൻ നടത്തും. സംസ്ഥാന സമ്മേളനത്തിന് പുറമെ നാല് സോണൽ സമ്മേളനങ്ങളും പാർട്ടി നടത്തും. ട്രിച്ചിയിലായിരിക്കും പാർട്ടിയുടെ ആദ്യ സമ്മേളനം നടക്കുക.

ഇതിന് പുറമെ തമിഴ്​നാട്ടിലെ 100 നിയമസഭാ മണ്ഡലങ്ങളിൽ വിജയ് പാർട്ടി പ്രവർത്തകർക്കൊപ്പം കാൽനടയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മാതൃകയിലായിരിക്കും വിജയുടെ കാൽനടയാത്രയും. ജനങ്ങളെ നേരിട്ട് കാണുന്ന രീതിയിലായിരിക്കും വിജയുടെ യാത്ര.

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം ഇതുവരെ തമിഴക വെട്രി കഴകത്തിന്റെ ഒരു സമ്മേളനം പോലും താരം വിളിച്ചിരുന്നില്ല. നേരത്തെ താരത്തിന്റെ അമ്പതാം പിറന്നാൾ ദിനത്തിൽ പാർട്ടിയുടെ മഹാസമ്മേളനം മധുരയിൽ വിളിക്കുമെന്നായിരുന്നു സൂചനയെങ്കിലും അത് സംഭവിച്ചില്ല. കള്ളക്കുറിച്ചിയിലെ മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പിറന്നാൾ ആഘോഷം താരം മാറ്റി വച്ചിരുന്നു.

എന്തായാലും നിലവിലെ രാഷ്ട്രീയ സാഹചര്യം വിജയ്ക്ക് അനുകൂലമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച താരം, രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെയുള്ള തന്റെ ആദ്യ നിലപാടാണ് വ്യക്തമാക്കിയത്. 10–12 ക്ലാസുകളിലെ വിദ്യാർഥികളെ അനുമോദിക്കാനായി വിജയ് വിളിച്ചു ചേർത്ത യോഗത്തിൽ തമിഴ്​നാടിനെ വരിഞ്ഞു മുറുക്കുന്ന ലഹരിമാഫിയക്കെതിരെ താരം തുറന്നടിച്ചിരുന്നു.

യോഗത്തിൽ പങ്കെടുത്ത വിജയ്, വേദിയിൽ കയറാതെ സദസിലുണ്ടായിരുന്ന ദലിത് വിദ്യാർഥികൾക്കൊപ്പം ഇരുന്നതും വലിയ ചർച്ചായി. ദലിത് വോട്ട് ബാങ്കാണ് താരം ലക്ഷ്യം വയ്ക്കുന്നതെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തിന്റെ നിലപാടുകൾ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബിഎസ്​പി നേതാവ് ആംസ്ട്രോങ്ങിന്റെ മരണത്തെ വിജയ് അപലപിച്ചതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. എന്തായാലും കാൽനടയാത്രയും സമ്മേളനങ്ങളും നടത്തി ഒരു മികച്ച മാസ് എൻട്രി തമിഴ്​നാട് രാഷ്ട്രീയത്തിൽ നടത്താൻ തന്നെയാണ് താരത്തിന്റെ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com