പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് 2 പേർക്ക് ദാരുണാന്ത്യം; മഴക്കെടുതിയിൽ സംസ്ഥാനത്ത് 6 മരണം
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധ ഇടങ്ങളിലുണ്ടായ മഴക്കെടുതിയിൽ ആറു പേർ മരിച്ചു. പാലക്കാടും കണ്ണൂരും രണ്ടു പേർ വീതവും പത്തനംതിട്ടയിലും വയനാട്ടിലും ഓരോ പേർ വീതവുമാണ് മരിച്ചത്.
തിരുവല്ല മേപ്രാലിൽ പുല്ലു ചെത്താൻ പോയ ഗൃഹനാഥൻ പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്നു ഷോക്കേറ്റു മരിച്ചു. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി (48) ആണ് മരിച്ചത്. രാവിലെ പത്തോടെയായിരുന്നു സംഭവം. മേപ്രാൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിക്കു സമീപം പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്നാണു റെജിക്കു ഷോക്കേറ്റത്.
വയനാട് ചീയമ്പം 73 കോളനി സ്വദേശിയായ സുധന് (32) വയലിലൂടെ നടന്നുവരുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. വീട്ടിൽ നിന്ന് വയലിലൂടെ നടന്നുവരുന്നതനിടെ സുധന് ഷോക്കേൽക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വയലിൽ വീണു കിടന്നിരുന്ന സുധനെ പുൽപ്പള്ളി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് 2 പേരാണ് ഇന്ന് മരിച്ചത്. മട്ടന്നൂർ കോളാരി സ്വദേശി കുഞ്ഞാമിന (51) യെ വീടിന്റെ സമീപത്തെ വയലിലാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊക്ലി ഒളവിലത്ത് വെള്ളക്കെട്ടിൽ വീണ് മറ്റൊരാളും മരിച്ചു. മേക്കര വീട്ടിൽ ചന്ദ്രശേഖറിനെയാണ് വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
പാലക്കാട് കണ്ണമ്പ്രയിൽ വീടിന്റെ ചുമരിടിഞ്ഞ് വീണു അമ്മയും മകനും മരിച്ചു. കണ്ണമ്പ്ര കൊട്ടേക്കാട് വീട്ടിൽ സുലോചന(70), രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന ഒറ്റ മുറി വീടിന്റെ പിൻഭാഗത്തെ ചുമർ, രാത്രി പെയ്ത കനത്ത മഴയിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. സുലോചന കിടപ്പു രോഗിയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മകൻ രഞ്ജിത്ത് തൃശൂരിൽ സ്വകാര്യ ബസ് കണ്ടക്ടറാണ്.