ADVERTISEMENT

ചെന്നൈ∙ തമിഴ്​നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. മധുരയിൽ ഇന്നു രാവിലെയാണ് തീവ്ര തമിഴ് വാദ പാർട്ടിയായ നാം തമിഴർ കക്ഷിയുടെ നേതാവ് സി.ബാലസുബ്രമഹ്ണ്യം(48) കൊല്ലപ്പെട്ടത്. പത്തു ദിവസത്തിനിടെ തമിഴ്​നാട്ടിൽ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ജൂലൈ 6ന് ബിഎസ്‌പി സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

നാം തമിഴർ കക്ഷിയുടെ മധുരൈ ജില്ലാ ഡപ്യൂട്ടി സെക്രട്ടറിയാണ് കൊല്ലപ്പെട്ട ബാലസുബ്രമഹ്ണ്യം. ഇന്നു രാവിലെ മധുരയിലെ വല്ലഭായ് റോഡിൽ പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു ബാലസുബ്രമഹ്ണ്യം‌. ചൊക്കികുളം ഭാഗത്ത് വച്ച് നാലംഗ അക്രമി സംഘം ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഡിഎംകെ മന്ത്രി പളനിവേൽ ത്യാഗ രാജന്റെ വീടിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. 

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാലസുബ്രമഹ്ണ്യത്തിനെതിരെ മൂന്നു കേസുകൾ നിലവിലുണ്ടെന്ന് മധുരൈ സിറ്റി പൊലീസ് കമ്മിഷണർ ജെ.ലോകനാഥൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മധുരൈ രാജാജി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കൻമാരുടെ കൊലപാതങ്ങൾ വീണ്ടും തമിഴ്​നാട്ടിൽ ചർച്ചയാകുകയാണ്. പത്ത് ദിവസത്തിനിടെയുണ്ടായ രണ്ട് കൊലപാതങ്ങൾ പൊലീസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ആംസ്ട്രോങ് കൊലപാതക കേസ് പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയെങ്കിലും, യഥാർഥ പ്രതികളല്ല പിടിയിലായതെന്ന് ബിഎസ്​പി അധ്യക്ഷ മായാവതി അടക്കം ആരോപിച്ചിരുന്നു. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ബിഎസ്​പിയുടെ ആവശ്യം. അതിനിടെ ആംസ്ട്രോങ് കൊലക്കേസ് പ്രതികളിലൊരാളായ തിരുവെങ്കിടം ചെന്നൈ മാധാവരത്തുണ്ടായ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെട്ടിരുന്നു.

English Summary:

Naam Tamilar Katchi functionary hacked to death in Madurai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com