ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങിയ 42 മണിക്കൂർ നേരം, മരണത്തെ മുഖാമുഖം കണ്ടെന്ന് ബി.രവീന്ദ്രന്‍ നായര്‍. രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോള്‍ മരണക്കുറിപ്പ് എഴുതി. മൊബൈൽ വെളിച്ചത്തിന്റെ സഹായത്തിലാണ് കുറിപ്പ് എഴുതി ബാഗില്‍ വച്ചത്. തുടർന്നു ബാഗ് ലിഫ്റ്റിന്റെ കൈവരിയില്‍ തൂക്കിയിടുകയായിരുന്നുവെന്നും രവീന്ദ്രന്‍ നായര്‍ പറഞ്ഞു. 

മൊബൈല്‍ താഴെവീണു പൊട്ടിയതിനാല്‍ ആരെയും വിളിക്കാന്‍ കഴിഞ്ഞില്ല. താന്‍ മരിച്ചാലും മക്കളുടെ പഠനം പൂര്‍ത്തിയാക്കണമെന്നും ഭാര്യയുടെ കവിതാ സമാഹാരം പ്രസിദ്ധീകരിക്കണമെന്നും കുറിപ്പില്‍ എഴുതിയിരുന്നതായി രവീന്ദ്രൻ നായർ പറയുന്നു. ഇടുപ്പെല്ലിന് ചികിത്സ തേടിയെത്തിയ രവീന്ദ്രന്‍ നായര്‍ രണ്ടു രാത്രിയും ഒരു പകലുമാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. തിങ്കളാഴ്​ച രാവിലെ ഡ്യൂട്ടിക്കെത്തിയ ലിഫ്റ്റ് ജീവനക്കാരനാണ് അവശനിലയില്‍ ലിഫ്റ്റിനകത്ത് കിടക്കുകായിരുന്ന രവീന്ദ്രന്‍ നായരെ കണ്ടെത്തിയത്.

‘‘വെള്ളിയാഴ്ച ആശുപത്രിയിലെത്തി എക്‌സ്‌റേ എടുത്ത ശേഷം ഡോക്ടറെ കാണാനാണ് 11-ാം നമ്പര്‍ ലിഫ്റ്റില്‍ കയറിയത്. ലിഫ്റ്റിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ബട്ടണ്‍ അമര്‍ത്തി, ലിഫ്റ്റ് ഒന്നുയര്‍ന്നു, പെട്ടെന്നു ശബ്ദത്തോടെ നിന്നു. കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നിലത്തുവീണു പൊട്ടി. പൊട്ടിയ മൊബൈല്‍ ചേര്‍ത്തുവച്ച ശേഷം വിളിക്കാന്‍ ശ്രമിച്ചെങ്കിലും കോള്‍ പോയില്ല. കുടുങ്ങിയെന്ന് മനസ്സിലായതോടെ ലിഫ്റ്റിന്റെ വശങ്ങളില്‍ ആഞ്ഞിടിച്ച് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല.

ലിഫ്റ്റിലെ ഫോണും പ്രവര്‍ത്തനരഹിതമായിരുന്നു. എമര്‍ജന്‍സി അലാമും പ്രവര്‍ത്തിച്ചില്ല. വൈകാതെ ലിഫ്റ്റിലെ ലൈറ്റും അണഞ്ഞ് ഇരുട്ടായി. വായു കിട്ടിയതിനാല്‍ മരിച്ചില്ല. എന്നാൽ മരണഭയം കൂടിക്കൂടി വന്നു’’.– ഭീതിയോടെ രവീന്ദൻ നായർ ഓർത്തെടുത്തു.

ഒരു കുപ്പി വെള്ളം പോലും കരുതിയിരുന്നില്ല. മൊബൈലിലെ ചാര്‍ജ് തീര്‍ന്നതോടെ സമയവും അറിയാന്‍ കഴിയാത്ത സ്ഥിതിയായി. തന്റെ സ്ഥാനത്തു ഗര്‍ഭിണിയോ കാന്‍സര്‍ രോഗിയോ ആയിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നെന്നു പറയാന്‍ കഴിയില്ല. സംഭവത്തില്‍ പരാതി നല്‍കണോ എന്നു പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ജീവിതം തിരിച്ചുകിട്ടിയതുതന്നെ അത്ഭുതമാണെന്നും രവീന്ദ്രൻ നായർ പറഞ്ഞു. 

അതിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളജില്‍ എത്തി രവീന്ദ്രൻ നായരെ സന്ദര്‍ശിച്ചു. വീഴ്ച പറ്റിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. മന്ത്രി വന്നത് തനിക്ക് വലിയ ആശ്വാസമാണെന്നാണ് രവീന്ദ്രൻ നായർ പറഞ്ഞത്. ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് മൂന്നു ജീവനക്കാരെ തിങ്കളാഴ്​ച സസ്പെന്‍ഡ് ചെയ്തിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥനും മന്ത്രിയോടൊപ്പം രവീന്ദ്രൻ നായരെ സന്ദർശിക്കാനെത്തി. സിപിഐ തിരുമല ലോക്കൽ സെക്രട്ടറിയും എംഎൽഎ ഹോസ്റ്റലിലെ താൽക്കാലിക ജീവനക്കാരനുമാണ് ഉള്ളൂർ സ്വദേശിയായ ബി.രവീന്ദ്രൻ നായർ.

English Summary:

Stuck in a Lift, B. Ravindran Nair Pens Death Note

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com