ആമയിഴഞ്ചാൻ പാഠമായി; കോർപറേഷനുകൾ പിടിക്കാൻ കോൺഗ്രസ്- അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ
Mail This Article
കോട്ടയം∙ ശ്രീകണ്ഠപുരം പരിപ്പായിയിൽനിന്നു കിട്ടിയ നിധിശേഖരം 1659 മുതൽ 1826 വരെയുള്ള കാലഘട്ടത്തിലേതെന്നു പരിശോധനയിൽ തെളിഞ്ഞു. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫിസർ ഇൻ ചാർജ് കെ.കൃഷ്ണരാജ്, മ്യൂസിയം ഗൈഡ് വി.എ.വിമൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണു തളിപ്പറമ്പ് ആർഡി ഓഫിസിൽ സൂക്ഷിച്ച നിധിശേഖരം പരിശോധിച്ചത്.
വായിക്കാം: വെനീഷ്യൻ ഡക്കറ്റിൽ കാശുമാല, വീരരായൻ പണം, ഇൻഡോ–ഫ്രഞ്ച് നാണയം; ഇതാണ് കണ്ണൂരിലെ നിധി
ആമയിഴഞ്ചാന്‍ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവം വിവാദമായതിനു പിന്നാലെ നടപടികള്‍ കര്‍ശനമാക്കി തിരുവനന്തപുരം കോര്‍പറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ സേനയ്ക്കു കൈമാറാന്‍ തയാറാകാത്ത വീടുകള്‍ക്ക് അടിയന്തരമായി പിഴ നോട്ടിസ് നല്‍കും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കു 2024 മാര്‍ച്ച് മുതല്‍ ജൂലൈ 15 വരെ 14.99 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. 312 നിയമലംഘനങ്ങളാണു കണ്ടെത്തിയത്. ജൂണില്‍ 4.57 ലക്ഷവും ജൂലൈയില്‍ 4.97 ലക്ഷം പിഴ ഈടാക്കി.
വായിക്കാം: ഇനി ഇഴയില്ല, ആമയിഴഞ്ചാൻ പാഠമായി; വടിയെടുത്ത് കോർപറേഷനും സർക്കാരും
കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ മാത്രമാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കുള്ള സാധ്യതുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. ഞായറാഴ്ച വരെ കേരള തീരത്ത് മത്സ്യബന്ധനവും വിലക്കി.
വായിക്കാം: തോരാമഴ: വയനാട്ടിൽ നാളെയും അവധി, പാൽചുരം റോഡിൽ രാത്രിയാത്രാ നിരോധനം
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനുകളുടെ ഭരണം പിടിക്കാൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോൺഗ്രസ് രംഗത്തിറക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കൊച്ചിയിലും എഐസിസി പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്കു കോഴിക്കോട്ടും കെപിസിസി പ്രസിഡന്റ് കെ.സുധാകരനു കണ്ണൂരിലും ചുമതല നൽകി. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കാനുള്ള ചുമതല എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥിനെയും തൃശൂർ എഐസിസി സെക്രട്ടറി റോജി എം.ജോണിനെയും ഏൽപിച്ചു. കൊല്ലത്തു രാഷ്ട്രീയകാര്യ സമിതിയംഗം വി.എസ്.ശിവകുമാറിനാണു ചുമതല
വായിക്കാം: കണ്ണൂരിൽ സുധാകരൻ, കോഴിക്കോട് ചെന്നിത്തല; കോർപറേഷനുകൾ പിടിക്കാൻ കോൺഗ്രസ്
ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറിക്കു ജോയിന്റ് റജിസ്ട്രാറുടെ ശമ്പളം നൽകണമെന്ന നിർദേശം നടപ്പാക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് അന്തിമ അവസരം നൽകി ഹൈക്കോടതി. നടപ്പാക്കിയില്ലെങ്കിൽ കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 31ന് അഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കേസിൽ തന്റെ ഭാഗം താൻ തന്നെ വാദിച്ചു കൊള്ളാമെന്നു ബിശ്വനാഥ് സിന്‍ഹ കോടതിയെ അറിയിച്ചിരുന്നു. കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.