ഭൂമിക്ക് നേരെ പാഞ്ഞടുത്ത് ഛിന്നഗ്രഹം; ഒരു വിമാനത്തിന്റെ അത്രയും വലുപ്പം, നിരീക്ഷിച്ച് നാസ
Mail This Article
വാഷിങ്ടൻ∙ ഭൂമിക്ക് നേരെ പാഞ്ഞടുത്ത് ഛിന്നഗ്രഹം. 67 മീറ്റർ നീളമുള്ള എൻഎഫ് 2024 എന്ന ഛിന്നഗ്രഹമാണ് മണിക്കൂറിൽ 73,055 കിലോമീറ്റർ വേഗതയിൽ ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നത്. ഛിന്നഗ്രഹത്തിന്റെ സഞ്ചാര ദിശ മനസിലാക്കി വരികയാണെന്നു നാസ അറിയിച്ചു. സൂര്യനെ വലം വയ്ക്കുന്ന അപ്പോളോ ഗണത്തിൽപ്പെട്ട ഛിന്നഗ്രഹമാണ് എൻഎഫ് 2024. ജൂലൈ 17ന് ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് 48ലക്ഷം കിലോമീറ്റർ അകലെയെത്തുമെന്നാണു നാസ ജെറ്റ് പ്രൊപ്പൽഷൻ ലാബോറട്ടറിയുടെ കണക്കുകൂട്ടല്‍.
എൻഎഫ് 2024 ഭൂമിയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണു ശാസ്ത്രസംഘത്തിന്റെ നിഗമനം. ഭൂമിയുടെ സമീപത്തു കൂടി പോകാൻ സാധ്യതയുള്ള എല്ലാ ഛിന്നഗ്രഹങ്ങളുടെയും സഞ്ചാരദിശയും മറ്റു വിവരങ്ങളും നേരത്തെ തന്നെ നാസ ശേഖരിച്ചിരുന്നു.150 മീറ്ററിൽ കൂടുതൽ വലിപ്പമുള്ളതും ഭൂമിക്ക് 74 ലക്ഷം കിലോമീറ്റർ അടുത്തുവരെ വരുന്നതുമായ ഛിന്നഗ്രഹങ്ങളെയാണ് അപകടകാരികളുടെ കൂട്ടത്തിൽ നാസ ഉൾപ്പെടുത്തിയിരിക്കുന്നത്.
എൻഎഫ് 2024 ഭൂമിയുടെ 48 ലക്ഷം കിലോമീറ്റർ അടുത്ത് വരെ വരുന്നുണ്ടെങ്കിലും, താരതമ്യേന ചെറുതായതിനാൽ അപകടകാരിയല്ലെന്നാണ് നാസയുടെ നിഗമനം. എന്നാൽ ആശ്വസിച്ചേക്കാമെന്ന് വച്ചാൽ വരട്ടെ. എൻഎഫ് 2024ന് പിന്നാലെ മൂന്ന് ഛിന്നഗ്രഹങ്ങൾ കൂടി അടുത്ത ദിവസങ്ങളിൽ ഭൂമിക്ക് സമീപമെത്തും. ബിവൈ 15, എൻജെ 3, എംജി 1 എന്നിവയാണ് ഭൂമിയിൽ നിന്ന് 42 ലക്ഷം മുതൽ 72 ലക്ഷം കിലോമീറ്റർ അകലെ വരെയെത്തുക. ഇതിൽ എംജി 1 എന്ന ഛിന്നഗ്രഹം ജൂലൈ 21ന് ഭൂമിയുടെ 42 ലക്ഷം കിലോമീറ്റർ അടുത്ത് വരെയെത്തും.
എന്തായാലും അടിക്കടി ഭൂമിക്കുണ്ടായേക്കാവുന്ന ഇത്തരം ഛിന്നഗ്രഹ ഭീഷണികൾ മറികടക്കാനുള്ള തയാറെടുപ്പിലാണ് നാസ. ഛിന്നഗ്രഹങ്ങളെ വഴി തിരിച്ച് വിടാനുള്ള സാങ്കേതിക വിദ്യ നാസയുടെ പണിപ്പുരയിലാണ്. സ്പേസ്ക്രാഫ്റ്റുകൾ ഉപയോഗിച്ച് ഇടിപ്പിച്ച് ശൂന്യാകാശത്തു വച്ച് തന്നെ ഇത്തരം ഛിന്നഗ്രഹങ്ങളുടെ വഴി തിരിച്ചുവിടാനുള്ള പദ്ധതിയാണ് ഡിഎആർടി എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ നാസ വിഭാവനം ചെയ്യുന്നത്.