ADVERTISEMENT

കൊച്ചി∙ ‘കലക്ടറോട് ആ ജനലൊന്ന് തുറന്നു നോക്കാൻ പറ വാപ്പീ’, ‍‘‍ഞായറാഴ്ചയും സ്കൂളിൽ സ്പെഷൽ ക്ലാസ് ഉണ്ടാവാൻ ആഗ്രഹിച്ച 90’ലെ ഒരു പഠിപ്പിസ്റ്റ് ആയിരുന്നു നമ്മുടെ എറണാകുളം കലക്ടർ’, ‘വിശാലമനസ്കനായ നമ്മുടെ കലക്ടർ സാർ നാളെ അവധി തരും’, എന്നു തുടങ്ങി നൂറുകണക്കിനു പേരാണ് എറണാകുളം ജില്ലാ കലക്ടറുടെ ഫെയ്സ്ബുക് പേജിൽ പരിഭവം പറച്ചിലും അപേക്ഷയും കുറ്റപ്പെടുത്തലും ആശങ്കയുമെല്ലാമായി എത്തിയിരിക്കുന്നത്. തുടർച്ചയായി മഴ പെയ്തിട്ടും ഇന്ന് സ്കൂളുകൾ ഉൾപ്പെെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചില്ല എന്നതാണ് കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ ‘കുറ്റം’. 

എറണാകുളം ജില്ലയിൽ ഇന്ന് യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ രാത്രി മുഴുവൻ പെയ്ത മഴയ്ക്കുശേഷം ഇന്നു പകലും എറണാകുളം ജില്ലയിൽ മഴ നിർത്തലില്ലാതെ പെയ്യുകയാണ്. തിങ്കളാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നതിനാൽ അന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ചൊവ്വ മുഹറം അവധി കൂടി കിട്ടിയതോടെ മഴയുടെ പേരിൽ ബുധനാഴ്്ചയും സ്കൂളിൽ പോകേണ്ടി വരില്ല എന്ന പ്രതീക്ഷയാണ് കലക്ടർ ‘തകർത്തത്’ എന്നാണ് പരിദേവനങ്ങൾ.

‘തെക്ക് കോട്ടയത്തിന് അവധി, വടക്ക് തൃശൂർക്ക് അവധി, പടിഞ്ഞാറ് ആലപ്പുഴയ്ക്ക് അവധി, കിഴക്ക് ഇടുക്കിക്ക് അവധി, എന്നിട്ടും ഇടയ്ക്കു കിടക്കുന്ന എറണാകുളത്തിനു മാത്രം അവധിയില്ല അല്ലേ സാറേ’ തുടങ്ങിയ ട്രോളുകളും സമൂഹമാധ്യമത്തിൽ ശക്തമാണ്. ഉറക്കത്തിൽനിന്നുണർന്ന് പുതപ്പു നോക്കി ജനലിലൂടെ പുറത്തേക്കു നോക്കി അവധി പ്രഖ്യാപിക്കുന്ന കോട്ടയം ജില്ലാ കലക്ടറുടെ ട്രോൾ വിഡിയോയും സമൂഹമാധ്യമത്തിൽ തരംഗമായിരുന്നു. 

‘എറണാകുളം ജില്ലയിൽ തുടർന്നുകൊണ്ടിരിക്കുന്ന മഴയും മക്കളുടെ സുരക്ഷയും കണക്കിലെടുത്ത് ബഹുമാനപ്പെട്ട കലക്ടർ സാറിന്റെ അവധിക്ക് കാത്തു നിൽക്കാതെ എന്റെ രണ്ടു മക്കൾക്കും ഞാൻ അവധി നൽകിയിരിക്കുന്നു’ എന്ന് പ്രഖ്യാപിച്ചവരും സമൂഹമാധ്യമത്തിലുണ്ട്. ‘ഉള്ളതാ കേട്ടോ, കൊച്ചുങ്ങൾക്ക് അവധി കൊടുക്കണം’, ‘ശരിക്കും നല്ല മഴയാണ്, താങ്കൾ ഇതൊന്നും കാണുന്നില്ലേ’, ‘അവധി പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ രാവിലെ 6 മണിക്കു മുമ്പ് പ്രഖ്യാപിക്കണം കേട്ടോ’ തുടങ്ങി ആശങ്കയുമായി മാതാപിതാക്കള്‍ നിറയുകയാണ് സമൂഹമാധ്യമത്തിൽ‌.

English Summary:

Trolls and Complaints Flood Social Media After No Holiday Announced in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com