ADVERTISEMENT

ബത്തേരി∙വയനാട് കല്ലൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ വീട് സന്ദർശിക്കാൻ എത്തിയ വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശവാസികൾ നേരിടുന്ന വന്യമൃഗശല്യത്തിനു പരിഹാരം കാണുന്നതിൽ വനംവകുപ്പു പരാജയമാണെന്നു പ്രതിഷേധക്കാർ മന്ത്രിയോട് പറഞ്ഞു. ഉച്ചതിരിഞ്ഞു രണ്ടരയ്ക്കാണ് മന്ത്രി എ.കെ.ശശീന്ദ്രന്‍ മാറോടി ഊരിലെ വീട്ടിൽ എത്തിയത്. തുടർന്ന് അന്ത്യോപചാരം അർപ്പിച്ചശേഷം പുറത്തിറങ്ങിയപ്പോളാണു നാട്ടുകാർ മന്ത്രിയോടു പ്രതിഷേധം അറിയിച്ചത്. തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം കാണാൻ വനം വകുപ്പ് തയ്യാറാകണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പറയുന്ന വാക്കുകൾ നടപ്പാക്കണം, തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ മന്ത്രിയോട് ഉന്നയിച്ചു. കർഷകരെ സംരക്ഷിക്കുന്നതിനായി വനം വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. 

എല്ലാത്തിനും പരിഹാരം ഉണ്ടാകുമെന്നും ശല്യമുണ്ടാക്കുന്ന ആനയെ പിടികൂടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. രാജുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് കഴിയുന്ന രാജുവിന്റെ സഹോദരന്റെ മകൻ ബിജുവിനെയും സന്ദർശിച്ചു. രാജുവിന്റെ മൃതദേഹവുമായി വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുമെന്നു മുൻകൂട്ടികണ്ടു ഭരണ പ്രതിപക്ഷ ഭേദമന്യേ ജനപ്രതിനിധികൾ പ്രവർത്തിച്ചതാണു സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. രണ്ടര മണിക്കൂർ ദേശീയ പാത ഉപരോധിച്ചതൊഴിച്ചാൽ വലിയ പ്രശ്നങ്ങളുണ്ടായില്ല. സംഘർഷ സാധ്യത മുന്നിൽ കണ്ടു വൻ പൊലീസ് സന്നാഹമാണുണ്ടായിരുന്നത്. 

ഇന്നലെ വൈകിട്ടു മൂന്നരയോടെയാണു രാജു മരിച്ചത്. സ്ഥലം എംഎൽഎയായ ഐ.സി.ബാലകൃഷ്ണൻ അപ്പോൾ തന്നെ കോഴിക്കോട്ടേക്കു പുറപ്പെട്ടു. മെഡിക്കൽ കോളജിൽ എത്തി പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള കാര്യങ്ങൾ ചെയ്തു. ഇന്നു രാവിലെ തിരുവനന്തപുരത്തു നിന്നും എത്തിയ മന്ത്രി ഒ.ആർ.കേളു, രാജുവിന്റെ വീട് സന്ദർശിച്ചു. മന്ത്രിയെ ജനം തടഞ്ഞത് അൽപനേരം സംഘർഷത്തിനു വഴിവച്ചു. ഉടൻ തന്നെ പൊലീസ് ഇടപെട്ടു പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു. കാട്ടാന ആക്രമണത്തിൽ പരുക്കേറ്റു കിടപ്പിലായ രാജുവിന്റെ ബന്ധു ബിജുവിനെയും മന്ത്രി സന്ദർശിച്ചു. തുടർന്ന് നൂൽപ്പുഴ പഞ്ചായത്ത് ഹാളിൽ മന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിച്ചു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ കലക്ടർ മേഘശ്രീ, വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. ഇതിനിടെ മൃതദേഹം കോഴിക്കോട്ടു നിന്നും കല്ലൂരിലെത്തിച്ചു. എന്നാൽ മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് നാട്ടുകാർ കല്ലൂരിൽ തടഞ്ഞതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. നാലു കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി. പെരുമഴയത്തും നൂറുകണക്കിനാളുകളാണ് റോഡിൽ തടിച്ചുകൂടിയത്. 

സർവകക്ഷി യോഗത്തിൽ വനംവകുപ്പിനെതിരെ വിമർശനമുയർന്നു. റെയ്ഞ്ച് ഓഫിസറെ എഴുന്നേൽപ്പിച്ചു നിർത്തിയാണു മന്ത്രി നിർദേശങ്ങൾ നൽകിയത്. വനംകുപ്പ് ഉദാസീന നടപടി തുടരുകയാണെന്നു നാട്ടുകാർ ആരോപിച്ചു. അടുത്തമാസം ആദ്യം കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ വനംവകുപ്പ് എടുത്ത നടപടികൾ വിശദീകരിക്കുകയാണ് ആദ്യ അജൻഡയെന്നും മന്ത്രി പറഞ്ഞു. മരിച്ച രാജുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിലെ ഒരംഗത്തിന് ജോലി, മക്കളുടെ വിദ്യാഭ്യാസം, വീട്, റോഡ് നവീകരണം, ഫെൻസിങ് എന്നിവയായിരുന്നു പ്രതിഷേധത്തില്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ. ഇതിൽ 50 ലക്ഷം നഷ്ടപരിഹാരം എന്നതൊഴിച്ച് ബാക്കി എല്ലാ കാര്യത്തിലും മന്ത്രി ഉറപ്പു നൽകി. ഈ കാര്യങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മന്ത്രി അറിയിച്ചു. തീരുമാനങ്ങൾ മുതിർന്ന ഉദ്യോഗസ്ഥൻ ജനങ്ങളോടു നേരിട്ടു പറയണമെന്നും ജനം ആവശ്യപ്പെട്ടു. കാര്യം ജനങ്ങളെ അറിയിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഇതോടെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നു മന്ത്രിയും കലക്ടറും കല്ലൂരിലെത്തി ജനങ്ങളോടു നേരിട്ട് കാര്യങ്ങൾ പറയുകയായിരുന്നു.

മൃതദേഹം ബത്തേരി ടൗണിൽ എത്തിച്ചു പ്രതിഷേധിക്കുന്നതിനെക്കുറിച്ച് ഇന്നലെ നാട്ടുകാർ ആലോചിച്ചിരുന്നു. അങ്ങനെ സംഭവിച്ചാൽ ഭരണകൂടം വലിയ പ്രതിസന്ധിയിലാകുമെന്നും ജനങ്ങളെ നിയന്ത്രിക്കാൻ സാധിക്കാതെ വരുമെന്നും അറിഞ്ഞതോടെയാണു രാഷ്ട്രീയ നേതാക്കൻമാരെല്ലാം കൂട്ടായി പ്രവർത്തിച്ചത്. കെപിസിസി ക്യാംപ് എക്സിക്യൂട്ടീവ് നടക്കുന്നതു ബത്തേരിയിലായിരുന്നിട്ടും സംഭവം അറിഞ്ഞ ഉടൻ ഐ.സി.ബാലകൃഷ്ണൻ കോഴിക്കോട്ടേക്കു പോയി. മൃതദേഹം പൊതുദർശനത്തിനു വയ്ക്കുന്നതുവരെ അദ്ദേഹം കൂടെയുണ്ടായിരുന്നു. പ്രതിഷേധം ഉണ്ടാകുമെന്നു ഉറപ്പായിട്ടും മന്ത്രി സ്ഥലത്തെത്തിയതും ജനങ്ങളിൽ മതിപ്പുണ്ടാക്കി. ഇതോടെ വലിയൊരു പ്രതിഷേധത്തിലേക്കു പോകേണ്ടിയിരുന്ന സംഭവം ഭരണകൂടം മികച്ച രീതിയിൽ കൈകാര്യം ചെയ്ത് അവസാനിപ്പിക്കുകയായിരുന്നു.

English Summary:

Quick Action Curbs Protests After Fatal Wild Animal Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com