മകൾക്കു ഡെങ്കിപ്പനി; കാണാൻ വരവേ തൊടുപുഴ സ്വദേശിക്കു സേലത്തു ബസിൽ ക്രൂര മർദനം
Mail This Article
തൊടുപുഴ/കോട്ടയം ∙ ഡെങ്കിപ്പനി ബാധിച്ച മകളെ കാണാൻ ഹൈദരാബാദിൽനിന്നു കോട്ടയത്തേക്കു ബസിൽ വരവേ സേലത്തുവച്ച് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ തൊടുപുഴ സ്വദേശിക്കു ബസിൽ ക്രൂരമായി മർദനമേറ്റെന്നു പരാതി. പരുക്കേറ്റ തൊടുപുഴ കരിമണ്ണൂർ മുളപ്പുറം നെല്ലിക്കാത്തടത്തിൽ ആന്റണിയുടെ (42) നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇടതുകാൽ മുറിച്ചു മാറ്റി.
അണുബാധ കൂടിയാൽ വലത്തേകാലും മുറിച്ചുമാറ്റണമെന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. വാരിയെല്ലുകൾക്കു പരുക്കേറ്റിട്ടുമുണ്ട്. ഇപ്പോഴും അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മൊഴി രേഖപ്പെടുത്തിയാലേ സംഭവം വ്യക്തമാകൂവെന്നു കരിമണ്ണൂർ പൊലീസ് പറഞ്ഞു.
ആന്റണിയുടെ മൊബൈൽ ഫോൺ തമിഴ്നാട് സ്വദേശിയായ മറ്റൊരാളുടെ പക്കലായിരുന്നുവെന്നും ഇയാൾ ആന്റണിക്കൊപ്പം ബസിലുണ്ടായിരുന്നുവെന്നും ഭാര്യ ജോൺസി പറയുന്നു. ബസിനുള്ളിലുണ്ടായ തർക്കത്തെത്തുടർന്നു ജീവനക്കാർ ആന്റണിയെ ക്രൂരമായി മർദിച്ചെന്നു തമിഴ്നാട് സ്വദേശി ഫോണിലൂടെ വെളിപ്പെടുത്തിയെന്നാണു ജോൺസി പറയുന്നത്. വെൽഡിങ് ജോലിക്കാരനായ ആന്റണിക്കു ഹൈദരാബാദിലാണു ജോലി.