ADVERTISEMENT

കോട്ടയം ∙ ജനങ്ങളിൽ നിന്ന് ഊർജം സമ്പാദിച്ച് ആ ഊർജം ജനസേവനത്തിനായി വിനിയോഗിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. കേരളം കണ്ട ഏറ്റവും ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. എന്നും ജനങ്ങൾക്കൊപ്പമായിരുന്നു അദ്ദേഹം. പരാതിയും പരിഭവവുമായി ആർക്കും ഏതുനിമിഷവും സമീപിക്കാവുന്ന ഉമ്മൻ ചാണ്ടിയെ അതിനാലാണ് ജനങ്ങൾ സ്വന്തം കൂഞ്ഞൂഞ്ഞ് എന്നു വിളിച്ചിരുന്നതെന്നും ഗവർണർ പറഞ്ഞു.

ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയക്കാരനിലെ നല്ല സമരിയാക്കാരനായിരുന്നു ഉമ്മൻ ചാണ്ടി. പ്രതിസന്ധിഘട്ടങ്ങളിൽ സമചിത്തതയോടെ പ്രവർത്തിച്ച അദ്ദേഹം സമാധാന സ്ഥാപകനും സഭാ സ്‌നേഹിയുമായിരുന്നുവെന്നും ഒരു ജനനേതാവ് എങ്ങനെയാവണമെന്ന് അദ്ദേഹം ലോകത്തെ പഠിപ്പിച്ചെന്നും കാതോലിക്കാ ബാവ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയത്തിൽ കുരിശിനെ ചേർത്തു പിടിച്ചു കുരിശിന്റെ വഴിയേ നടന്നയാളായിരുന്നു ഉമ്മൻ ചാണ്ടിയെന്നു വി.ഡി. സതീശൻ പറഞ്ഞു. കാരുണ്യവും സഹാനുഭൂതിയും നിറഞ്ഞ വ്യത്യസ്തമായ വഴിയിലൂടെ നടന്ന അദ്ദേഹം സഹാനുഭൂതിയെ അധികാരത്തിന്റെ ഘടകമാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. ശശി തരൂർ എംപി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സ്വാമി മോക്ഷവരാനന്ദ, ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ, എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ കേരളത്തിലെ 3000 കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പിന്റെ വിതരണത്തിന്റെയും കൂരോപ്പട ളാക്കാട്ടൂരിലെ ഉമ്മൻ ചാണ്ടി സ്‌പോർട്സ് അരീന-ഗോൾ ടർഫിന്റെയും ഉദ്ഘാടനം ഗവർണർ നിർവഹിച്ചു. 

ഉമ്മൻ ചാണ്ടി ഫൗണ്ടേഷനു ഒരേക്കർ സ്ഥലം സൗജന്യമായി നൽകിയ വാകത്താനം സ്വദേശി ഡോ.പി.ജെ. ആന്റണിയുടെ കയ്യിൽ നിന്നു സമ്മതപത്രവും ഗവർണർ സ്വീകരിച്ച് ഫൗണ്ടേഷനു നൽകി. ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള ‘മലയാളികളുടെ കുഞ്ഞൂഞ്ഞ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും വീൽചെയർ വിതരണോദ്ഘാടനവും ഗവർണർ നിർവഹിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ജോഷി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മക്കളായ അച്ചു, മറിയം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

സമ്മേളനത്തിനു മുൻപായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിശിഷ്ടാതിഥികളും പള്ളിമുറ്റത്തെ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി. എംപിമാർ, എംഎൽഎമാർ, കോൺഗ്രസ് സംസ്ഥാന നേതാക്കൾ, രാഷ്്ട്രീയ സാമൂഹിക സംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ എന്നിവർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com