ADVERTISEMENT

തിരുവനന്തപുരം ∙ പഠിക്കാൻ യുവാക്കൾ കാനഡയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു പോകുന്നതു കുറയ്ക്കാൻ സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകാനുള്ള നിയമം തയാറായി. ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം. ആഗോള തലത്തിലാകും സർവകലാശാലകൾ രൂപകൽപന ചെയ്യുക. മെഡിക്കൽ, എൻജിനീയറിങ്, മാനേജ്മെന്റ്, നിയമം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാകും അവ‌യുടെ പ്രവർത്തനം. സർവകലാശാലകളോട് ചേർന്ന് ടൗൺഷിപ്പുകളും പാർപ്പിട, വ്യാപാര സമുച്ചയങ്ങളുമുണ്ടാകും. അഞ്ചു വർഷം പ്രവർത്തിച്ചാൽ സംസ്ഥാനത്ത് ഏതു ജില്ലയിലും ഓഫ് ക്യാംപസും സ്റ്റഡി സെന്ററും ആരംഭിക്കാം. 20 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള കോർപറേറ്റ് മാനേജ്മെന്റുകൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ എന്നിവയ്ക്കായിരിക്കും സ്വകാര്യ സർവകലാശാല തുടങ്ങാൻ അനുമതി നൽകുക. 

സ്വകാര്യ സർവകലാശാലകൾക്ക് വേണ്ടത്

∙ 20 കോടി രൂപ സ്ഥിരനിക്ഷേപവും 30 കോടി രൂപ പ്രവർത്തനഫണ്ടും വേണം

∙ നഗരസഭയിലാണെങ്കിൽ 20 ഏക്കർ ഭൂമി, മുനിസിപ്പാലിറ്റിയിൽ മുപ്പതും പഞ്ചായത്തിൽ നാൽപതും ഏക്കർ.

∙ ക്യാംപസ് പ്രത്യേകമാണെങ്കിൽ സർ‌വകലാശാലാ ആസ്ഥാനത്തിന് 10 ഏക്കറുണ്ടാവണം

ബജറ്റ് പ്രഖ്യാപനം

ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെയാണ് സ്വകാര്യ സർവകലാശാലകൾക്കുള്ള നടപടികൾ ഊർജിതമാക്കിയത്. സംസ്ഥാന സ്വകാര്യ സര്‍വകലാശാല ബില്‍ എന്നാണ് ബില്ലിന്റെ പേര്. ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതും ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കിയതും കാരണമാണ് ബില്‍ അടുത്ത നിയമസഭ സമ്മേളനത്തിലേക്ക് മാറ്റിയത്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ടു സര്‍ക്കാര്‍ രൂപീകരിച്ച ശ്യാം ബി.മേനോന്‍ കമ്മിഷന്‍റെ നിര്‍ദേശങ്ങളിലൊന്നായിരുന്നു സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്നുള്ളത്. സ്വാശ്രയ പ്രഫഷനല്‍ കോളജുകളുടെ ഫീസ് നിശ്ചയിക്കാൻ നിയമിച്ച സമിതിയുടെ മാതൃകയില്‍ സ്വകാര്യ സര്‍വകലാശാലകളുടെ ഫീസ് നിശ്ചയിക്കാനും പ്രത്യേക സംവിധാനമൊരുക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ടാകും. സ്വകാര്യ സര്‍വകലാശാലകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലായിരിക്കും കേരളത്തിലും പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ ചില മാനേജ്‌മെന്‍റുകള്‍ എയ്‌ഡഡ് പദവി നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വകാര്യ സര്‍വകലാശാലയായി മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

വിദേശ വിദ്യാർഥികൾക്കും സ്വാഗതം

വിദേശ വിദ്യാർഥികളെ ആകർഷിക്കാനും ശ്രമമുണ്ട്. ഇക്കൊല്ലം കേരള സർവകലാശാലയിൽ 2600 വിദേശ വിദ്യാർഥികളാണ് അപേക്ഷ സമർപ്പത്. എംജിയിൽ 855 വിദേശ വിദ്യാർഥികളും കുസാറ്റിൽ 1590 പേരും അപേക്ഷിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽ വിദേശ വിദ്യാർഥികൾക്കായി പ്രത്യേകം ഹോസ്റ്റൽ തന്നെയുണ്ട്.

English Summary:

How Kerala is Encouraging Local Education with New Private Universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com