20–ാം നിലയിൽനിന്ന് ചാടി യുഎസ് കോടീശ്വരൻ ജീവനൊടുക്കി; മുറിയിൽ ആത്മഹത്യാക്കുറിപ്പ്
Mail This Article
മാൻഹറ്റൻ ∙ യുഎസ് വ്യവസായിയും കോടീശ്വരനുമായ ജെയിംസ് മൈക്കൽ ക്ലിൻ (64) ഹോട്ടലിന്റെ ഇരുപതാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച രാവിലെ മാൻഹറ്റനിലെ കിംബർലി ഹോട്ടലിലായിരുന്നു സംഭവമെന്നു ന്യൂയോർക്ക് പൊലീസ് അറിയിച്ചു. 2000-ൽ ഫാൻഡാംഗോ സിനിമാ ടിക്കറ്റിങ് ബിസിനസ് ആരംഭിച്ചതു ജെയിംസാണ്.
മുറിയിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണു ജെയിംസ് താഴേക്ക് ചാടിയതെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2011ൽ ഫാൻഡാംഗോ കമ്പനിയെ എൻബിസി യൂണിവേഴ്സലും വാർണർ ബ്രദേഴ്സും ഏറ്റെടുത്തിരുന്നു. പിന്നീട് തന്റെ ആക്രിറ്റീവ് കമ്പനിയിലൂടെ അക്യുമെൻ, ഇൻഷുറോൻ, അക്കോലേഡ് എന്നിവ ജെയിംസ് സ്ഥാപിച്ചു. ഫാൻഡാംഗോയിലും നിക്ഷേപം നടത്തി. ഹെഡ്ജ് ഫണ്ട് ബ്രിജ്‌വാട്ടർ അസോസിയേറ്റ്‌സ് ഉൾപ്പെടെ നിരവധി ടെക് കമ്പനികളും വെഞ്ച്വർ ക്യാപിറ്റൽ ബിസിനസുകളും ജെയിംസിനുണ്ട്.
സ്ഥാപനങ്ങൾ തുടങ്ങാൻ സഹായിക്കുന്ന ഇൻകുബേറ്ററിന്റെ എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു. മൃഗസംരക്ഷണ വക്താവായായ അദ്ദേഹം നാഷനൽ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ഫൗണ്ടേഷന്റെ ചെയർമാനായും പ്രവർത്തിച്ചു. കോർണൽ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയ ശേഷം ഹാർവഡ് ബിസിനസ് സ്കൂളിൽനിന്ന് എംബിഎ നേടി. പമേല ബി.ക്ലൈനാണ് ഭാര്യ. ഇവർക്ക് 6 മക്കളുണ്ട്. 20 ദശലക്ഷം ഡോളറിലധികം ചെലവഴിച്ച് 2020ൽ ദമ്പതികൾ നിർമിച്ച 5 കിടപ്പുമുറികളുള്ള പാം ബീച്ച് വീട് വാർത്തയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)