ADVERTISEMENT

ന്യൂഡൽഹി∙ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു തലേദിവസമാണ് രാജ്യസഭാ എംപിമാരായ എ.എ.റഹിമിനും വി.ശിവദാസനും ഫോണിൽ ഭീഷണി സന്ദേശം ലഭിക്കുന്നത്. പാര്‍ലമെന്റിലടക്കം ഡൽഹിയിലെ നിരവധി സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്നായിരുന്നു ഭീഷണി. ഇംഗ്ലിഷിലായിരുന്നു സന്ദേശം. സംഭാഷണം റെക്കോര്‍ഡ് ചെയ്ത എംപിമാർ പൊലീസിൽ വിവരം അറിയിച്ചു. ഭീഷണി സന്ദേശത്തെക്കുറിച്ച് പാർ‌ലമെന്റിൽനിന്ന് എ.എ.റഹിം എംപി ‘മനോരമ ഓൺലൈനോട്’ പ്രതികരിച്ചു.

‘‘ഇന്നലെ രാത്രി 11.27നാണ് കോൾ വരുന്നത്. യുകെയിൽനിന്നായിരുന്നു കോൾ. 11.26ന് ഒരു മിസ്ഡ് കോൾ വന്നിരുന്നു. റെക്കോർഡ് ചെയ്ത ശബ്ദമാണ് കേട്ടത്. ‘പ്രിയപ്പെട്ട പാർലമെന്റ് അംഗങ്ങളെ’ എന്നു അഭിസംബോധന ചെയ്താണ് സംഭാഷണം ആരംഭിച്ചത്. പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ അറിയിപ്പുകൾ നൽകാനായി ഇത്തരം സന്ദേശങ്ങൾ വരാറുണ്ട്. അത്തരമൊരു കോളാണെന്നാണ് കരുതിയത്. സന്ദേശത്തിന്റെ ഉള്ളടക്കം മനസിലായി. ഞാനും ശിവദാസനും എയർപോർട്ട് ലോഞ്ചിൽ നിൽക്കുമ്പോഴാണ് കോൾ വരുന്നത്. 11.30ന് ശിവദാസനും കോൾ വന്നു. അത് ഇന്ത്യൻ നമ്പരിലായിരുന്നു’’. 

‘‘ശിവദാസൻ ഫോൺ ലൗഡ് സ്പീക്കറിലിട്ടു. ഞാനത് റെക്കോർഡ് ചെയ്തു. ഉടനെ പൊലീസിെന വിവരം അറിയിച്ചു. റെക്കോർഡും കൈമാറി. രാത്രി 12നുശേഷം പൊലീസെത്തി വിവരങ്ങൾ നേരിട്ട് ശേഖരിച്ചു. ഇക്കാര്യം രാജ്യസഭാ ചെയർമാനെയും ഞങ്ങൾ കത്തിലൂടെ അറിയിച്ചു. സന്ദേശം ഇംഗ്ലീഷിലായിരുന്നു. ഖലിസ്ഥാൻ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന തരത്തിലായിരുന്നു സന്ദേശം. പാർലമെന്റ് ചെങ്കോട്ട, ഇന്ത്യാഗേറ്റ് എന്നിവിടങ്ങളിൽ ബോംബിടുമെന്നാണ് പറഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു’’–എ.എ.റഹിം പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനം ഓഗസ്റ്റ് 12നാണ് അവസാനിക്കുന്നത്.

English Summary:

AA Rahim MP on threat message he received on Parliament Bomb Attacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com