‘പ്രത്യേക പരിഗണനയ്ക്ക് നന്ദി; ബജറ്റ് പ്രഖ്യാപനം ബിഹാറിന്റെ വികസനത്തിനു സഹായകമാകും’
Mail This Article
പട്ന ∙ കേന്ദ്ര ബജറ്റിൽ ബിഹാറിനു ലഭിച്ച പ്രത്യേക പരിഗണനയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ധനമന്ത്രി നിർമല സീതാരാമനോടും നന്ദിയുണ്ടെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാറിനു വേണ്ടിയുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ സംസ്ഥാനത്തിന്റെ വികസനത്തിനു സഹായകമാകും. ഭാവിയിലും ബിഹാറിന്റെ വികസന ആവശ്യങ്ങളോടു കേന്ദ്ര സർക്കാർ ഇതേ രീതിയിൽ സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും നിതീഷ് പറഞ്ഞു.
ബിഹാറിനു പ്രത്യേക സംസ്ഥാന പദവിയോ പ്രത്യേക സാമ്പത്തിക പാക്കേജോ നൽകാനാണ് ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണ്. ബിഹാറിന്റെ വികസന ആവശ്യങ്ങൾക്കു ബജറ്റിൽ പ്രത്യേക പരിഗണന ലഭിച്ചിട്ടുണ്ട്. റോഡ്, വൈദ്യുതി, ടൂറിസം, വിമാനത്താവളം, മെഡിക്കൽ കോളജ് തുടങ്ങിയ മേഖലകളിലെല്ലാം ബിഹാറിന്റെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു. ബിഹാറിലെ പ്രളയം നേരിടാനായി കോസി – മേചി നദീസംയോജന പദ്ധതിക്കു തുക അനുവദിച്ചു. നദീമലിനീകരണ നിവാരണം, ജലസേചനം തുടങ്ങിയവയ്ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നു നിതീഷ് പറഞ്ഞു.