ADVERTISEMENT

തിരുവനന്തപുരം∙ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ ആദ്യത്തെ മൂന്നു ദിവസം കര്‍ണാടക സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനം ഈ നിലയിലാക്കിയതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കർണാടക സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മണ്ണിനടിയില്‍ കുടുങ്ങിയ അര്‍ജുനെ ഉടന്‍ രക്ഷിക്കാമായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതര സംസ്ഥാനക്കാര്‍ക്കു തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുന്നതിലും ഡ്രൈവര്‍ അര്‍ജുനെ രക്ഷിക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തിലും പ്രതിഷേധിച്ച് എന്‍ഡിഎ സംഘടിപ്പിച്ച  ധര്‍ണ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

രക്ഷാപ്രവര്‍ത്തനം തുടങ്ങിയ ആദ്യത്തെ മൂന്നു ദിവസം മൂന്നു ജെസിബി മാത്രമാണ് ഉണ്ടായിരുന്നത്. മണ്ണിടിച്ചിലും തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനവും മാധ്യമങ്ങളില്‍ വന്നതിനു ശേഷമാണു സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്. കർണാടക സര്‍ക്കാരിന്റെ  ക്രൂരമായ അനാസ്ഥക്കെതിരെ സിപിഎം നേതാക്കള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഒരു മലയാളിയെ കാണാതായിട്ടു പോലും കേരളത്തിന്റെ ഇടപെടല്‍ ഉണ്ടായില്ല. കര്‍ണാടക സര്‍ക്കാരിന്റെ അലംഭാവത്തിനു കർണാടകയുടെ ചുമതലയുള്ള കെ.സി. വേണുഗോപാല്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിയാണ് കര്‍ണാടക ഭരിക്കുന്നതെങ്കില്‍ ഈ നാട്ടില്‍ ഇപ്പോള്‍ എത്ര മെഴുകുതിരി പ്രതിഷേധം നടന്നേനെയെന്നും സുരേന്ദ്രൻ ചോദിച്ചു. ഇന്ത്യാ സഖ്യം ആയതു കൊണ്ടു പിണറായിയോ ഗോവിന്ദനോ കര്‍ണാടക സര്‍ക്കാരിനെതിരെ മിണ്ടുന്നില്ല. കേരളത്തില്‍നിന്നും ഒരു മന്ത്രിപോലും സ്ഥലം സന്ദര്‍ശിക്കാനോ, ബന്ധുക്കളെ കാണാനോ ശ്രമിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 

English Summary:

K Surendran slams karnataka government over Arjun rescue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com