ADVERTISEMENT

കോഴിക്കോട്∙ നിപ്പ ബാധിച്ചു മരിച്ചവരും രക്ഷപ്പെട്ടവരും നിരവധിയുണ്ട്. എന്നാൽ നിപ്പ പിടിപെട്ടതോടെ ജീവിതത്തിനും മരണത്തിനും ഇടയിൽപ്പെട്ടുപോയ യുവാവുണ്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ. തുള്ളിവെള്ളം സ്വന്തമായി കുടിക്കാനാകാതെ സ്വന്തം അമ്മയെപ്പോലും തിരിച്ചറിയാനാകാതെ 24 വയസ്സുകാരനായ യുവാവ് എട്ടുമാസമായി ഒരേ കിടപ്പിലാണു.

മംഗലാപുരം മർദാല സ്വദേശിയായ ടിറ്റോ ജോസഫ് നഴ്സിങ് പഠനം കഴിഞ്ഞു 2023 ഏപ്രിൽ 23നാണു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലിയിൽ കയറിയത്. ഓഗസ്റ്റ് അവസാനം ഇതേ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ചയാൾക്ക് നിപ സ്ഥീരീകരിച്ചിരുന്നു. ഈ രോഗിയെ പരിചരിക്കുന്നതിനിടെയാണു ടിറ്റോയെ നിപ്പ പിടികൂടിയത്. നിപ്പ ഭേദമായി ക്വാറന്റൈൻ പൂർത്തിയാക്കി നവംബറിൽ ടിറ്റോ തിരിച്ചു വീട്ടിലെത്തി. അടുത്ത ദിവസം മുതൽ തലവേദനയും മറ്റ് അസ്വസ്ഥതകളും ആരംഭിച്ചു. എന്നാൽ അത് കാര്യമാക്കാതെ വീണ്ടും കോഴിക്കോട്ടെത്തി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. തലവേദന കടുത്തതോടെ ഡിസംബറിൽ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ലേറ്റന്റ് എൻസഫലൈറ്റിസ് (നിപ എൻസഫലൈറ്റിസ്) പിടിപ്പെട്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ ചികിത്സ തുടങ്ങി. ടിറ്റോ‌യുടെ ചികിത്സ ആശുപത്രി മാനേജ്മെന്റ് ഏറ്റെടുത്തു. 

ചികിത്സ തുടരുന്നതിനിടെ കോമയിലാകുകയായിരുന്നു. വയറിൽ ട്യൂബിട്ടാണ് ഭക്ഷണം നൽകുന്നത്. തൊണ്ടയിൽ ഘടിപ്പിച്ച ട്യൂബിലൂടെയാണു ശ്വാസോച്ഛ്വാസം. ഇതോടെ ടിറ്റോയെ പരിചരിക്കാൻ ജോലി ഉപേക്ഷിച്ചു കോഴിക്കോട്ട് ആശുപത്രിയിൽ വന്നുനിൽക്കുകയാണ് ഏക സഹോദരൻ ഷിജോ തോമസും അമ്മ ലിസിയും (ഏലിയാമ്മ). അച്ഛൻ ടി.സി.തോമസും മകനെ പരിചരിക്കാൻ മർദാലയിൽനിന്ന് ഇടയ്ക്ക് വരും. ഇതിനകം 40 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവഴിച്ചുവെന്നു മാനേജ്മെന്റ് അറിയിച്ചു. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാവാൻ സാധ്യതയില്ലെന്നാണു ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിഗമനം. പക്ഷേ ടിറ്റോ ജീവിതത്തിലേക്കു മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളും സഹോദരനും. മൂന്നു തവണ മെഡിക്കൽ കോളജിൽനിന്ന് ഡോക്ടർമാർ വന്നു നോക്കിയതല്ലാതെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നു സഹായമൊന്നും ലഭിച്ചില്ലെന്നു കുടുംബം പറയുന്നു. ചികിത്സക്കു കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും കുടുംബം തയാറായില്ല. വിദഗ്ധ ചികിത്സയ്ക്കായി കേരളത്തിനു പുറത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നത്. അതിനു സർക്കാരിന്റെ ഭാഗത്തുനിന്ന് സഹായം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

English Summary:

Young man Nipah virus battle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com