ADVERTISEMENT

കൊച്ചി ∙ അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം 2024 ഡിസംബർ 3 മുതൽ 7 വരെ തിരുവനന്തപുരം ജില്ലയിൽ വച്ച് നടത്തും. 24 വേദികളിലായിട്ടാണ്  മത്സരങ്ങൾ. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. 2015ലാണ് അവസാനമായി തിരുവനന്തപുരത്ത് വച്ച് സംസ്ഥാന കലോത്സവം നടന്നത്. ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികോത്സവം ഒളിംപിക്‌സ് മാതൃകയിൽ ‘കേരള സ്‌കൂൾ ഒളിംപിക്‌സ് കൊച്ചി ടെന്റി ഫോർ’ എന്ന പേരിൽ നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

1957ൽ എറണാകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ ഏതാനും  മുറികളിൽ പന്ത്രണ്ട് ഇനങ്ങളും പതിനെട്ട് മത്സരങ്ങളുമായി   ആരംഭിച്ച സ്‌കൂൾ കലോത്സവം,  അറുപത്തി മൂന്നാമത് കലോത്സവത്തിൽ എത്തുമ്പോൾ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ തൊണ്ണൂറ്റി ഏഴും ഹയർ സെക്കന്ററി വിഭാഗത്തിൽ നൂറ്റി അഞ്ചും സംസ്‌കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും 19 വീതവും ഉൾ‍പ്പെടെ 240 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. ഒന്നാം വേദിയിൽ ഏകദേശം 15,000ത്തിൽപ്പരം ജനങ്ങൾ കലോത്സവം വീക്ഷിക്കുന്നതിനായി എത്താറുണ്ട്. ഇത്രയും ജനങ്ങളെ ഉൾക്കൊളളാനാവും വിധം ഒന്നാം വേദി സജ്ജീകരിക്കേണ്ടതുളളതിനാൽ കിഴക്കേകോട്ടയിലെ പുത്തരിക്കണ്ടം മൈതാനമാണ് അതിനായി തെരഞ്ഞെടുത്തിട്ടുളളതെന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ശിവൻകുട്ടി വ്യക്തമാക്കി. 

അതോടൊപ്പം തന്നെ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാൾ, നിശാഗന്ധി ഓഡിറ്റോറിയം, അയ്യങ്കാളി ഹാൾ, ടാഗോർ തീയറ്റർ കൂടാതെ നഗരാതിർത്തിയിലെ സൗകര്യ പ്രദമായ സ്‌കൂളുകൾ തുടങ്ങിയവയും വേദികളായി പരിഗണിക്കുന്നുണ്ട്. ഭക്ഷണ വിതരണത്തിനായി തൈക്കാട് പോലീസ് ഗ്രൗണ്ട്, സെൻട്രൽ സ്റ്റേഡിയം എന്നിവയും പരിഗണിക്കുന്നുണ്ട്. 

1957ൽ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്ന മേള ഈ വർഷം പരിഷ്‌കരിച്ച മാന്വലിലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പായി ആയിരം (1000/-) രൂപ നൽകുന്നുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള മുന്നൂറ്റി അമ്പതോളം പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിർണ്ണയത്തിന് കണ്ടെത്തുന്നത്. വിധി കർത്താക്കളുടെ വിധിനിർണ്ണയത്തിനെതിരെ തർക്കം ഉന്നയിക്കുന്ന ഘട്ടത്തിൽ അത്തരം ഇനങ്ങളിൽ അന്തിമതീരുമാനം എടുക്കുന്നതിന് വേണ്ടി സംസ്ഥാനതല അപ്പീൽ കമ്മിറ്റി രൂപീകരിക്കുന്നതാണ്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി അംഗീകൃത അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 

സംസ്ഥാന കലോത്സവത്തിനു മുന്നോടിയായി സ്‌കൂൾതല മത്സരങ്ങൾ സെപ്റ്റംബർ മാസത്തിലും സബ് ജില്ലാതല മത്സരങ്ങൾ ഒക്‌ടോബർ രണ്ടാം വാരത്തിനുളളിലും ജില്ലാതല മത്സരങ്ങൾ നവംബർ ആദ്യവാരവും പൂർത്തിയാക്കും. സബ്ജില്ലാ കലോത്സവം, ജില്ലാകലോത്സവം എന്നിവയുടെ വേദികൾ റൊട്ടേഷൻ വ്യവസ്ഥയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ/ വിദ്യാഭ്യാസ ഉപഡയറക്ടർമാർ എന്നിവർ തെരഞ്ഞെടുക്കുന്നതാണ്. 

രാജ്യത്ത് ആദ്യമായാണ് സ്‌കൂൾ കായികോത്സവം ഒളിംപിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കുവേണ്ടി രാജ്യത്ത് ആദ്യമായി ഇൻക്ലൂസീവ് സ്‌പോർട്‌സ് കായികോത്സവത്തിന്റെ ഭാഗമായി ഈ വർഷം ആരംഭിക്കും. കേരള സ്‌കൂൾ ഒളിംപിക്‌സിൽ ആൺകുട്ടികളും പെൺകുട്ടികളുമായി 24,000 കായിക പ്രതിഭകൾ അണ്ടർ 14, 17, 19 വിഭാഗങ്ങളിലായി 41 കായിക ഇനങ്ങളിൽ മത്സരിക്കും. 7 ദിവസം പകലും രാത്രിയുമായി നടക്കുന്ന കേരള സ്‌കൂൾ ഒളിംപിക്‌സിൽ 15,000ത്തോളം മത്സരങ്ങളാണ് നടക്കുന്നത്, ഇത് ലോകത്തിലെ ഏറ്റവും വലിയ കൗമാര കായിക മേള ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. 

പാരിസ് ഒളിംപിക്‌സിന് തുടക്കം കുറിക്കുന്ന സാഹചര്യത്തിൽ ഒളിംപിക്സിനെ വരവേൽക്കുന്നതിനും ഒളിംപിക്സിന്റെ പ്രാധാന്യം വിദ്യാർഥികളെ അറിയിക്കുന്നതിനുമായി ജൂലൈ മാസം 27ന് രാവിലെ 9.30ന് എല്ലാ സ്‌കൂളുകളിലും സ്‌പെഷ്യൽ അസംബ്ലി സംഘടിപ്പിക്കും. കൂടാതെ എല്ലാ വിദ്യാലയങ്ങളിലും സ്‌കൂൾ ഒളിംപിക്സ് പ്രഖ്യാപന ദീപശിഖ തെളിയിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിംപിക്‌സ് സന്ദേശം അസംബ്ലിയിൽ വായിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

English Summary:

Thiruvananthapuram Gears Up for Grand School Arts Festival 2024 on 3rd December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com