ADVERTISEMENT

തൃശൂർ∙ വലപ്പാട് മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടൻസ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്നു 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പൊലീസ് പിടിലായ ഉദ്യോഗസ്ഥ കൊല്ലം നെല്ല‍ിമുക്ക് സ്വദേശിനി ധന്യ മോഹൻ (40) ഭർത്താവിന്റെ എൻആർഐ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി പൊലീസിനു വിവരം ലഭിച്ചു. കുഴൽപ്പണ സംഘങ്ങളുടെ സഹായത്തോടെ പണം വിദേശത്തേക്ക് കൈമാറിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് പുലർച്ചെ മൂന്നു മണിക്ക് തൃശൂരിലെത്തിച്ച ധന്യ മോഹനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കുടുംബം ഒളിവിലാണ്. ഭർത്താവിനും പിതാവിനും സംഭവത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്.

ധന്യയുടെ ഭർത്താവ് വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. ഭർത്താവിന്റെ അക്കൗണ്ടിലേക്ക് 25 ലക്ഷവും പിതാവിന്റെ അക്കൗണ്ടിലേക്ക് 40 ലക്ഷവും ധന്യ കൈമാറിയിട്ടുണ്ട്. ധന്യയുടെ അക്കൗണ്ടിൽ 80 ലക്ഷം ഉണ്ടായിരുന്നു. ധന്യയുടെ പേരിൽ 5 അക്കൗണ്ടുകൾ ഉള്ളതായി കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുകയാണ്. ചില ബന്ധുക്കളുടെ പേരില്‍ ധന്യ സ്വത്ത് നിക്ഷേപിച്ചതായും പൊലീസ് കണ്ടെത്തി. ബാങ്കിൽ സ്വർണ നിക്ഷേപമുണ്ട്. തൃശൂരിൽ വീടും വീടിനു ചുറ്റുമുള്ള വസ്തുക്കളും വാങ്ങിയിട്ടുണ്ട്. നിരവധി ആഡംബര വാഹനങ്ങളുണ്ട്.

കൊല്ലം കലക്ട്രേറ്റിനു സമീപം നെല്ലിമൂട് ദേശീയപാതയോരത്തുള്ള വീട്ടിൽ ഇപ്പോൾ ആരുമില്ല. ധന്യ, ഭർത്താവ്, മകൾ, സഹോദരി, സഹോദരീ ഭർത്താവ്, അച്ഛൻ, അമ്മ എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവർക്ക് മൂന്ന് കടമുറികളുണ്ട്. അതിനോട് ചേർന്നാണ് കുടുംബ വീട്. അടുത്തിടെ തൊട്ടടുത്ത് പുതിയ വീടുവച്ചു. അച്ഛന് പണി സാധനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനമുണ്ട്. ആഴ്ചയിലൊരിക്കലാണ് തൃശൂരിൽനിന്ന് ധന്യ കൊല്ലത്ത് എത്തിയിരുന്നത്. ശനിയാഴ്ച രാത്രിയെത്തി തിങ്കളാഴ്ച രാവിലെ പോകും. 24ന് വൈകിട്ടാണ് ധന്യ അവസാനമായി കൊല്ലത്തെ വീട്ടിൽ വന്നത്. പിന്നീട് കുടുംബത്തെക്കുറിച്ച് അറിവില്ല. നാട്ടുകാർക്ക് കുടുംബത്തെപ്പറ്റി ആക്ഷേപങ്ങളൊന്നുമില്ല.

English Summary:

Dhanya Mohan Financial Fraud Case- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com