ADVERTISEMENT

തൃശൂർ∙ വലപ്പാട് മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടൻസ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്നു 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ അറസ്റ്റിലായ ബാങ്ക് ഉദ്യോഗസ്ഥ കൊല്ലം നെല്ല‍ിമുക്ക് സ്വദേശിനി ധന്യ മോഹൻ (40) എട്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ധന്യ കീഴടങ്ങിയിരുന്നു. ഇന്നു തൃശൂരിലെ കോടതിയിൽ ഹാജരാക്കും. കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു.

ധന്യയുടെ 4 വര്‍ഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിച്ചു. ഭര്‍ത്താവിന്‍റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്കു പണം കൈമാറിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ധന്യ മോഹന്‍റെ പേരില്‍ മാത്രം അ‍ഞ്ച് അക്കൗണ്ടുകളുണ്ട്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാൻ പൊലീസ് നടപടി ആരംഭിച്ചു. ബന്ധുക്കളുടെ പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. ധന്യ ആഡംബര കാർ അടക്കം 3 വാഹനങ്ങൾ വാങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു. വലപ്പാട്ടു സ്ഥലംവാങ്ങി വീടു നിർമിച്ചു. കാർ പാർക്കിങ്ങിനു വേണ്ടി മാത്രം പ്രത്യേകം ഭൂമി വാങ്ങി. ഓൺലൈൻ റമ്മിയുമായി ബന്ധപ്പെട്ടു രണ്ടുകോടി രൂപയുടെ ദുരൂഹ പണമിടപാടു നടന്നതിന്റെ തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു.

കമ്പനിയിൽ അസി. ജനറൽ മാനേജർ–ടെക് ലീഡ് ആയിരുന്നു ധന്യ. 20 വർഷത്തോളമായി ജോലി ചെയ്യുന്നു. കമ്പനിയുടെ ഡിജിറ്റൽ പഴ്സനൽ ലോൺ അക്കൗണ്ടിൽനിന്ന് 80 ലക്ഷം രൂപ ധന്യ തന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതു സ്ഥാപനം കണ്ടെത്തിയതോടെയാണു വൻതട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 5 കൊല്ലത്തിനിടെ ധന്യ തന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളിലേക്ക് 8000 ഇടപാടുകളിലൂടെ 20 കോടിയോളം രൂപ കൈമാറ്റം ചെയ്തതായി പരിശോധനയിൽ സൂചന ലഭിച്ചു. ഇതോടെ കമ്പനി അധികൃതർ വലപ്പാട് പൊലീസിനു രേഖാമൂലം പരാതി നൽകി. ധന്യയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

English Summary:

Dhanya Mohan arrest financial fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com