ഡൽഹിയിൽ കോച്ചിങ് സെന്ററിൽ വെള്ളം കയറി; മൂന്നു വിദ്യാർഥികൾക്ക് ദാരുണാന്ത്യം
Mail This Article
ന്യൂഡൽഹി∙ കനത്തമഴയെ തുടർന്ന് ഡൽഹി ഓൾഡ് രാജീന്ദ്ര നഗറിൽ സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ രണ്ടുപേർ പെൺകുട്ടികളാണ്. ഒരാൾ ആൺകുട്ടിയുമാണ്. കൂടുതൽ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തിൽ സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേന പരിശോധന തുടരുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം.
മൂന്നു നിലക്കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ബേസ്മെന്റ് മുഴുവനായി തന്നെ വെള്ളത്തിൽ മുങ്ങി. ഇവിടെ പഠിക്കാനെത്തിയ വിദ്യാർഥികളാണ് ഇതിൽ കുടുങ്ങിയത്. ബേസ്മെന്റിൽ കംപെയ്‌ൻ സ്റ്റഡിക്കായി വിദ്യാർഥികൾ എത്താറുണ്ട്. വെള്ളം വറ്റിച്ചുള്ള പരിശോധന നടത്തുകയാണ്. മുങ്ങൽ വിദഗ്ധരും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. മൂന്നു വിദ്യാർഥികള്‍ മരണപ്പെട്ടതിന് പിന്നാലെ കോച്ചിങ് സെന്ററിന് മുന്നിൽ മറ്റു വിദ്യാർഥികൾ പ്രതിഷേധവുമായെത്തി.
സംഭവത്തിൽ മന്ത്രി അതിഷി അന്വേഷണത്തിന് ഉത്തരവിട്ടു.