മതിയായ സ്ഥലം തരട്ടേയെന്ന് സുരേഷ് ഗോപി; എയിംസിന് കേരളത്തിലെ 150 ഏക്കർ പോരേ?; ഭുവനേശ്വറിൽ 100 ഏക്കർ
Mail This Article
കോട്ടയം∙ കേന്ദ്ര ബജറ്റിൽ സംസ്ഥാനം ഇത്തവണ പ്രതീക്ഷിച്ച എയിംസ് ഇല്ലാതെ പോയതോടെ പ്രതികരണം ചോദിച്ചെത്തിയ മാധ്യമങ്ങളോട് എയിംസിനു വേണ്ടി കിനാലൂരിൽ സംസ്ഥാനം കണ്ടെത്തിയ സ്ഥലം അപര്യാപതം എന്നാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. ‘‘150 ഏക്കർ മതിയോ? മതിയായ സ്ഥലം തരട്ടെ. എയിംസ് വരും, വന്നിരിക്കും’’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ശരിക്കും എയിംസിനു വേണ്ടി 150 ഏക്കർ സ്ഥലമാണോ ഏറ്റെടുക്കുന്നത്? ഏറ്റെടുക്കുന്ന 150 ഏക്കർ അപര്യാപ്തമാണോ? രാജ്യത്തുള്ള എല്ലാം എയിംസിനും ഇതിൽ കൂടുതൽ സ്ഥലമുണ്ടോ? 150 ഏക്കറിൽ കുറവുള്ള എത്ര എയിംസുണ്ട്? പരിശോധിക്കാം.
കേരളത്തിന്റെ സ്വപ്നം
യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ തുടങ്ങിയിരുന്നു കേരളത്തിന്റെ എയിംസ് സ്വപ്നം. എല്ലാ സംസ്ഥാനത്തും എയിംസ് ആരംഭിക്കുകയെന്ന സര്‍ക്കാര്‍ നയത്തില്‍ കേരളവും ഏറെ പ്രതീക്ഷിച്ചു. തിരഞ്ഞെടുപ്പു കാലത്തും ബജറ്റ് കാലത്തും എയിംസുമായി ബന്ധപ്പെട്ട് പ്രസംഗങ്ങളും ചർച്ചകളും കേരളത്തിന്റെ വിവിധ ദിക്കുകളിൽ ഉയർന്നു. ചിലയിടത്ത് സമരം, ചിലയിടത്ത് ആക്‌ഷന്‍ കമ്മിറ്റികള്‍, മറ്റു ചിലയിടങ്ങളിൽ എയിംസിന്റെ പേരിലുള്ള തകൃതിയായ ഭൂമി വില്‍പ്പന. എന്നിട്ടും എയിംസ് എന്ന സ്വപ്നം കേരളത്തിനു ബാക്കിയാവുകയാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 4 സ്ഥലങ്ങളാണ് എയിംസിനായി കണ്ടെത്തി നൽകിയത്. ഇതില്‍ ഏറ്റവും പ്രധാന്യം നല്‍കിയിരുന്നത് തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തിലെ നെട്ടുകാല്‍ത്തേരിയായിരുന്നു. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനോടു ചേര്‍ന്നുകിടക്കുന്ന സ്ഥലമായിരുന്നു അത്. കോട്ടയം മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന സ്ഥലം, എറണാകുളത്ത് എച്ച്എംടിയുടെ സ്ഥലം, കോഴിക്കോട് കിനാലൂര്‍ എന്നീ കേന്ദ്രങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ അന്നു വച്ച നിര്‍ദേശം. ഇതില്‍ ആവശ്യമായ സ്ഥലം ലഭ്യമായത് നെട്ടുകാല്‍ത്തേരിയില്‍ മാത്രമായിരുന്നു. എന്നാൽ പിന്നീട് പല നിർദേശങ്ങളും പരിഗണിച്ചപ്പോൾ അനുയോജ്യ സ്ഥലം കോഴിക്കോട് കിനാലൂരാണെന്നു കണ്ടെത്തി.
ആകെ 200 ഏക്കര്‍ ഭൂമിയാണു പദ്ധതിക്കു വേണ്ടത്. ഇതില്‍ കോഴിക്കോട്ട് കിനാലൂരിലെ വ്യവസായ വകുപ്പിന്റെ കീഴിലുള്ള 150 ഏക്കര്‍ ഭൂമിയാണ് എയിംസിനായി മാറ്റിവച്ചത്. സുരേഷ് ഗോപി പറയുന്നതു പോലെ 150 ഏക്കർ മാത്രമല്ല സംസ്ഥാനം എയിംസിനായി മാറ്റിവയ്ക്കുന്നത്. സർക്കാർ ഭൂമിക്കു പുറമെ താമരശ്ശേരി താലൂക്കിലെ കിനാലൂര്‍, കാന്തലാട് വില്ലേജുകളിലെ 193 കുടുംബങ്ങളിലെയും ഒരു ക്ഷേത്രത്തിന്റെയും ഒരു പള്ളിയുടെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഉൾപ്പെടെ 40.68 ഹെക്ടർ ഭൂമിയും ഏറ്റെടുക്കുന്നുണ്ട്.
പല നിലപാടുകൾ
കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ സംസ്ഥാനത്തു തന്നെ ഭിന്നാഭിപ്രായമുണ്ട്. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി എയിംസ് കാസർകോട് സ്ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട് എത്തിയ ഘട്ടത്തിൽ സുരേഷ് ഗോപി നടത്തിയ പ്രതികരണവും ഈ വിഷയത്തിലെ ഭിന്നത വ്യക്തമാക്കുന്നതായിരുന്നു. കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് പാർലമെന്റിൽ താൻ 37 വട്ടം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട് എന്നാണ് എം.കെ. രാഘവൻ എംപി പറയുന്നത്.