മരണവുമായി മല്ലിട്ടത് 10 മണിക്കൂർ; നുറുങ്ങിയ ശരീരവുമായി അരുൺ നീന്തിക്കയറിയത് ജീവിതത്തിലേക്ക്– വിഡിയോ
Mail This Article
മേപ്പാടി∙ മരണത്തെ വെല്ലുവിളിച്ചാണു മുണ്ടക്കൈ സ്വദേശിയായ അരുൺ ജീവിതത്തിലേക്കു നീന്തിക്കയറിയത്. പത്ത് മണിക്കൂറോളമാണു അരുൺ മരണവുമായി മല്ലിട്ടത്. മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ ചെളിയിൽ പൂണ്ട ഒരു മനുഷ്യ രൂപം എഴുന്നേൽക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യം ആദ്യ ദിവസം പുറത്തുവന്നിരുന്നു. ആ ദൃശ്യത്തിലുണ്ടായിരുന്നതു ഗ്രാഫിക് ഡിസൈനറായ മുണ്ടക്കൈ സ്വദേശി അരുണാണ്. അതിസാഹസികമായാണ് അരുണിനെ രക്ഷാപ്രവർത്തകർ കരയ്ക്കെത്തിച്ചത്. ശരീരമാസകലം തകർന്ന അരുണിനു സംസാരിക്കാൻ പോലും സാധിക്കുന്നില്ല.
അമ്മയും അരുണുമാണു വീട്ടിലുണ്ടായിരുന്നതെന്ന് ആശുപത്രിയിൽ കൂട്ടുനിൽക്കുന്ന ബന്ധു പറഞ്ഞു. ആദ്യ ഉരുൾപൊട്ടലിൽ തന്നെ അരുൺ ചെളിയിൽ വീണു. അമ്മ വലിച്ചു കയറ്റാൻ നോക്കിയെങ്കിലും സാധിച്ചില്ല. ഇതോടെ അടുത്തുള്ള വീട്ടുകാരെ വിളിക്കാനായി ഇവർ കുന്നുകയറി. ആ സമയത്താണ് അടുത്ത പൊട്ടലുണ്ടായത്. ആ കുത്തൊഴുക്കിൽ അരുൺ ഒലിച്ചുപോയി. കുന്നിലേക്കു കയറിയതിനാൽ അമ്മ രക്ഷപ്പെട്ടു. ചെളിക്കും മണ്ണിനുമൊപ്പം അരുൺ എവിടേക്കോ ഒഴുകിപ്പോയി.
മരക്കൊമ്പിലും ചെളിയിലും അടിച്ച് അരുണിന്റെ ശരീരമാസകലം തകർന്നു. ഇതിനിെട നീന്താനും ശ്രമിക്കുകയായിരുന്നു. രാത്രി ഒന്നരയോടെയാണ് അരുൺ ഒഴുക്കിൽപ്പെട്ടത്. രാവിലെ പതിനൊന്നു മണിയോടെയാണു രക്ഷാപ്രവർത്തകർ അരുണിനെ കണ്ടെത്തിയത്. പുഴയുടെ അൽപം ഓരത്തായി ചെളിയിൽ പൂണ്ടുകിടക്കുകയായിരുന്നു അരുൺ. മറുവശത്തേക്കു കയർ കെട്ടി തൂങ്ങിയെത്തിയാണു രക്ഷാപ്രവർത്തകർ അരുണിനെ രക്ഷിച്ചത്.
ആശുപത്രിയിൽ കഴിയുന്ന അരുണ്‍ വെള്ളം കുടിക്കാൻ പോലും ബുദ്ധിമുട്ടുകയാണ്. പല്ലുകൾ പലതും പോയി. മുഖം മുറിഞ്ഞു വികൃതമായി. ഇനി നടക്കാൻ സാധിക്കുമോ എന്ന് അറിയില്ല. നൂറുകണക്കിനാളുകളെ മരണം കൊണ്ടുപോയപ്പോൾ നുറുങ്ങിയ ശരീരവുമായി ജീവിതത്തിലേക്ക് അരുൺ നീന്തിക്കയറി.