ADVERTISEMENT

മേപ്പാടി∙ ഉരുൾപൊട്ടലിൽ നട്ടെല്ലുപൊട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനിൽ സംസാരിക്കുന്നത് ആത്മബലം ഒന്നുകൊണ്ടുമാത്രമാണ്. രണ്ടരവയസ്സായ മകന്റെ കൂടെ ജീവിക്കാനായത് ആറുമാസം മാത്രം. രാത്രിയിൽ ഒപ്പം കിടന്നുറങ്ങിയ കുട്ടിയുടെ മൃതദേഹം പോലും അവസാനമായി കാണാൻ സാധിച്ചില്ല. മുണ്ടക്കൈയിലായിരുന്നു അനിലിന്റെ വീട്. യൂറോപ്പിൽ ജോലി ചെയ്യുന്ന അനിൽ, ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച തിരിച്ചുപോകാനിരുന്നതായിരുന്നു.

മകൻ ശ്രീനിഹാൽ ജനിച്ച് 5 മാസം കഴിഞ്ഞപ്പോൾ യൂറോപ്പിലേക്ക് ജോലിക്കായി പോയതാണ്. അവിടെ പണിയെടുത്ത പണം കൊണ്ടു വീടുവച്ചു കുടുംബം താമസം മാറി. ഭാര്യയ്ക്കും മകനുമൊപ്പമാണു തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്നത്. ആദ്യ ഉരുൾപൊട്ടലിൽ വെള്ളവും ചെളിയും കയറി. എഴുന്നേറ്റെങ്കിലും ചെളിയിലും വെള്ളത്തിലും ഒലിച്ചു ദൂരേക്കു പോയി. കണ്ണിലും മൂക്കിലും ചെളിയും വെള്ളവും കയറി. പിന്നീട് വന്ന ഒഴുക്കിൽ എടുത്തെറിഞ്ഞപോലെ ദൂരേക്കു പോയി. 300 മീറ്ററോളമാണ് ഒഴുകിപ്പോയതെന്ന് പിന്നീടാണ് മനസ്സിലായത്. 

ഇതിനിടെ എവിടെയോ തട്ടിത്തടഞ്ഞുനിന്നു. കുറച്ചപ്പുറത്തായി ചെളിൽ പൂണ്ട ഒരു കൈ മാത്രം ഉയർന്നു കാണുന്നുണ്ടായിരുന്നു. ആ കൈയിലുണ്ടായിരുന്ന മൊബൈലിൽ നിന്നുള്ള വെളിച്ചം കണ്ട് അവിടേക്ക് ചെന്നു. ഭാര്യ ജാൻസിയാണെന്നാണു കരുതിയത്. പിടിച്ചു കയറ്റിയപ്പോൾ ഭാര്യയല്ല, തൊട്ടടുത്തു താമസിക്കുന്ന പ്രവിതയാണെന്നു മനസ്സിലായി. തുടർന്ന് അവരെയും വലിച്ചു കുന്നിൻ മുകളിലേക്കു കയറി. കുന്നിൽ മുകളിലുണ്ടായിരുന്നവർ താങ്ങിപ്പിടിച്ചു റിസോർട്ടിലേക്കു മാറ്റി. പരുക്കുകളോടെ ഭാര്യയും അച്ഛനും രക്ഷപ്പെട്ടിരുന്നു. എന്നാൽ അമ്മയും മകനും എവിടെയെന്ന് അറിയാൻ കഴിഞ്ഞില്ല. 

രക്ഷാപ്രവർത്തകർ എത്തി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഐസിയുവിലായിരുന്നു. ബോധം വന്നശേഷം ഫോണിലേക്ക് വിളിച്ചുനോക്കി. ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. കട്ടിലിന് സമീപത്തായിരുന്നു ഫോൺ വച്ചത്. ഇതോടെ മകനും അവിടെയുണ്ടാകുമെന്നു തോന്നി. താൻ നൽകിയ വിവരം അനുസരിച്ചു തിരച്ചൽ നടത്തി ഇന്നലെ മകന്റെ മൃതദേഹം കണ്ടെത്തി. മകന്റെ മൃതദേഹം അവസാനമായി ഒന്നു കാണാൻ പോലും സാധിച്ചില്ല. ഇന്നലെ സംസ്‌കരിച്ചു. അനിലിന്റെ അടുത്ത കട്ടിലിലായി അച്ഛൻ കിടക്കുന്നു. മറ്റൊരു വാർഡിൽ ഭാര്യയുമുണ്ട്. അമ്മയെക്കുറിച്ച് വിവരമില്ല. നട്ടെല്ല് തകർന്ന വേദനയൊന്നും പ്രവിതയെയും വലിച്ചു കുന്നിൻ മുകളിലേക്ക് നടക്കുമ്പോൾ അനിൽ അറിഞ്ഞില്ല. ദേഹമാസകലം മുറിവാണ്. ഒന്നു ചെരിയാൻ പോലും സാധിക്കാതെ കട്ടിലിൽ കിടക്കുകയാണ് അനിൽ.

English Summary:

Wayanad Landslide survivors story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com