2018ലെ പ്രളയം പോലും പരിഗണിക്കപ്പെട്ടില്ല; വയനാട് ഉരുൾപൊട്ടൽ ‘ദേശീയ ദുരന്തമോ’?
Mail This Article
ന്യൂഡൽഹി∙ വയനാട്ടിലെ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധ്യതയില്ല. ദുരന്തങ്ങളെ ദേശീയമെന്നോ പ്രാദേശികമെന്നോ വേർതിരിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നാണ് ഇതിനു കാരണമായി അധികൃതർ പറയുന്നത്. കൃത്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിനു കേന്ദ്രത്തോട് അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെടാം. എത്ര തുക അനുവദിക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണ്.
കേരളത്തിലുണ്ടായ 2018ലെ പ്രളയത്തെയും ‘ദേശീയ ദുരന്ത’മെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നില്ല. പ്രളയദുരന്തത്തെ ഗുരുതരസ്വഭാവമുള്ള ദുരന്തമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ദുരന്തത്തിന്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്തായിരുന്നു തീരുമാനം. ഓഖി ചുഴലിക്കാറ്റും ഗുരുതര സ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
∙ ദുരന്തങ്ങൾക്ക് വേർതിരിവില്ല
ദേശീയ ദുരന്തനിവാരണ നിയമത്തിൽ ദുരന്തങ്ങളെ തരംതിരിക്കാൻ വകുപ്പില്ല. പ്രാദേശിക ദുരന്തം, വൻ ദുരന്തം, ദേശീയ ദുരന്തം എന്നീ വേർതിരിവുകളില്ലാതെയാണു ദുരന്തങ്ങൾ പരിഗണിക്കുക. ദുരന്തങ്ങൾ നേരിടുന്നതിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു വ്യക്തമായ മാർഗനിർദേശങ്ങൾ സർക്കാർ പിന്തുടരുന്നുമുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് (എസ്ഡിആർഎഫ്), കേന്ദ്ര ദുരന്ത നിവാരണ ഫണ്ട് (എൻഡിആർഎഫ്) എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ അനുവദിക്കുന്നില്ല.
കേന്ദ്ര വ്യവസ്ഥകൾക്ക് അനുസരിച്ച്, എസ്ഡിആർഎഫിൽനിന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താം. ഒരു പ്രകൃതി ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നു കെ.സുധാകരന്‍ എംപിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓരോ പ്രകൃതി ദുരന്തങ്ങളെയും അതിന്റെ സ്വഭാവം അനുസരിച്ചു പരിഗണിക്കുന്നതാണു രീതിയെന്നും കേന്ദ്രം വിശദീകരിച്ചു.
∙ ഒഡീഷയിൽ മരണം 10,000, ദേശീയ ദുരന്തമായില്ല
ദേശീയ ദുരന്തമെന്നു വാക്കാൽ പ്രഖ്യാപിച്ചതുകൊണ്ട് സംസ്ഥാനത്തിനു പ്രത്യേക സാമ്പത്തിക സഹായം ലഭിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം കേന്ദ്രം തള്ളിക്കളയുകയാണ് പതിവ്. സംസ്ഥാനം ആവശ്യപ്പെട്ടാൽ കേന്ദ്ര ഏജൻസികൾ ദുരന്ത നിവാരണത്തിൽ ഇടപെടും. 1999ൽ ഒഡീഷ ചുഴലിക്കാറ്റിൽ പതിനായിരത്തിലേറെപ്പേർ മരിച്ചു. മൊത്തം 250 കോടി രൂപ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കേന്ദ്രം ആദ്യം അനുവദിച്ചു. ദേശീയ ദുരന്തമെന്നു പ്രഖ്യാപനമുണ്ടായില്ല. 2013 ജൂണിൽ ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമായി 4,094 പേർ കൊല്ലപ്പെട്ടു. 2005ൽ മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കത്തിൽ 1094 പേർ കൊല്ലപ്പെട്ടു. ഇതൊന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ല.
∙ ഫണ്ട് അനുവദിക്കാൻ കൃത്യമായ മാർഗരേഖ
ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച്, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ദുരന്ത പ്രതികരണ ഫണ്ട് അനുവദിക്കാൻ കൃത്യമായ മാർഗരേഖയുണ്ട്. സംസ്ഥാനം നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം വിലയിരുത്തൽ നടത്തി കേന്ദ്രത്തിന്റെ സഹായം അനുവദിക്കുന്നു. സംസ്ഥാനത്തിന്റെ ദുരന്ത പ്രതികരണ ഫണ്ട് പര്യാപ്തമല്ലെന്ന സാഹചര്യത്തിലാണ് ദേശീയ ദുരന്തമെന്നു പ്രഖ്യാപിക്കണമെന്ന ആവശ്യമുയരുന്നത്. എന്നാൽ, ഇങ്ങനെ ആവശ്യമുന്നയിച്ചതുകൊണ്ടു മാത്രം മുൻഗണനാ ക്രമത്തിൽ കേന്ദ്ര സഹായം അനുവദിക്കുന്ന രീതിയില്ല. സംസ്ഥാനത്തിന്റെ ഫണ്ട് പര്യാപ്തമല്ലെങ്കിൽ സ്ഥിതി വിലയിരുത്തി കേന്ദ്രം ഫണ്ട് നൽകും.