ADVERTISEMENT

ബെയ്റൂട്ട്∙ ഇറാൻ–ഇസ്രയേൽ സംഘർഷം യുദ്ധത്തിലെത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ പൗരൻമാരോട് ലബനൻ വിടാൻ യുഎസ് അടക്കമുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗപ്പെടുത്തി എത്രയും വേഗം ലബനനിൽനിന്ന് മാറാനാണ് നിർദേശം. ഹമാസ് മേധാവി ഇസ്മായിൽ ഹനിയ ടെഹ്റാനിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷ സാഹചര്യം ഉണ്ടായത്. ആക്രമണം നടത്തിയത് ഇസ്രയേലാണെന്നു ഹമാസും ഇറാനും ആരോപിക്കുന്നു. വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻ ഉടൻ ആക്രമണം നടത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു മണിക്കൂറുകൾക്കകമാണ് ഇസ്മായിൽ ഹനിയ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഹമാസ് സൈനിക മേധാവി മുഹമ്മദ് ദായിഫിനെയും വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ഇറാൻ പിന്തുണയ്ക്കുന്ന ലബനനിലെ ഹിസ്ബുല്ല സംഘടന തിരിച്ചടിക്കുമെന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങൾ വിലയിരുത്തുന്നത്. ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായാൽ ഇസ്രയേൽ കനത്ത രീതിയിൽ തിരിച്ചടിക്കുമെന്നും വിലയിരുത്തലുണ്ട്.

സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾ യുഎസിന്റെ നേതൃത്വത്തിൽ നടക്കുന്നു. യുഎസ്, യുകെ, സ്വീഡൻ, ഫ്രാൻസ്, കാനഡ, ജോർദൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരോട് ലബനൻ വിടാൻ നിർദേശിച്ചു. ബെയ്റൂട്ടിൽനിന്നുള്ള നിരവധി വിമാനങ്ങൾ യാത്ര റദ്ദാക്കി. ഹിസ്ബുല്ല വടക്കൻ ഇസ്രയേലിൽ നിരവധി റോക്കറ്റ് ആക്രമണങ്ങൾ ഇന്നു പുലർച്ചെ നടത്തി. പെന്റഗൺ കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും പ്രദേശത്ത് വിന്യസിച്ചു. യുകെയും കൂടുതൽ‌ സൈനികരെ പ്രദേശത്ത് വിന്യസിച്ചു.

English Summary:

US, UK urge citizens to leave Lebanon using 'any ticket available'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com