സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; തൃശൂരിൽ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ പാത്തി സ്ഥിതിചെയ്യുന്നു .വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും മുകളിൽ അതിതീവ്ര ന്യുനമർദവും മറ്റൊരു ന്യുനമർദം തെക്ക് പടിഞ്ഞാറൻ രാജസ്ഥാനും പാക്കിസ്ഥാനും മുകളിലായും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ. ഇന്ന് കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ക്യാംപ് അവസാനിക്കും വരെ കലക്ടർ അർജുൻ പാണ്ഡ്യൻ അവധി നൽകി. ക്യാംപുകൾ അവസാനിക്കുന്ന വിവരം അതതു തഹസിൽദാർമാർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിക്കണം. തുടർന്നു തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് ആവശ്യമായ ശുചീകരണം പൂർത്തിയാക്കിയശേഷം സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സ്വീകരിക്കണമെന്നും കലക്ടർ ഉത്തരവിൽ വ്യക്തമാക്കി.