ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന റവന്യു വകുപ്പ് വർഷംതോറും നടത്തുന്ന സർവേ പരീക്ഷാ പേപ്പറുകൾ ഇനി മുതൽ പുനർ മൂല്യനിർണയം നടത്താൻ അനുമതി. 2023 ജൂലൈ 14, 15 തീയതികളിൽ നടത്തിയ ഹയർ സർവേ പരീക്ഷയുടെ ഉത്തരപേപ്പറുകൾ പുനർ മൂല്യനിർണയം നടത്താൻ സർക്കാർ നിർദേശം നൽകി.

റവന്യു വകുപ്പ് ജീവനക്കാർക്ക് ഡപ്യുട്ടി തഹസിൽദാർ തസ്തികയിലെ പ്രൊബേഷൻ പൂർത്തിയാക്കാനും സ്ഥാനക്കയറ്റങ്ങൾക്കും സർവിസ് ആനുകൂല്യങ്ങൾക്കും പിഎസ്‌സിയുടെ ക്രിമിനൽ ജുഡീഷ്യറി പരീക്ഷയും സർവേ ഡയറക്ടറേറ്റിന്റെ രണ്ടു മാസ പരിശീലനത്തിനു ശേഷമുള്ള ഹയർ സർവേ പരീക്ഷയും പാസാകേണ്ടതുണ്ട്. എന്നാൽ പിഎസ്‌സി പരീക്ഷ ജയിക്കുന്ന പലരും സർവേ പരീക്ഷ തോൽക്കുന്നത് പതിവാണ്. 2023 ജൂലൈയിൽ പരീക്ഷ എഴുതിയ ചില ഉദ്യോഗസ്ഥരെ ബോധപൂർവം തോൽപിച്ചെന്ന് ആരോപമണമുയർന്നിരുന്നു. 

റവന്യു ഇൻസ്പെക്ടർ തിരുവനന്തപുരം മച്ചേൽ, പുല്ലൂർക്കോണം സങ്കീർത്തനത്തിൽ വി.രാജേഷ് തന്റെ ഉത്തരക്കടലാസുകൾ കാണണമെന്ന് ആവശ്യപ്പെട്ടത് അധികൃതർ  നിരസിച്ചതോടെ വിവരാവകാശ കമ്മിഷൻ ഇടപെടുകയായിരുന്നു. ഉത്തരക്കടലാസുകൾ കാണാൻ അപേക്ഷകന് അവകാശമുണ്ടെന്നും പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കാൻ അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കിം ഉത്തരവിട്ടു. ഉത്തരക്കടലാസുകൾ പുറത്തു വന്നപ്പോൾ പരാതികൾ അടിസ്ഥാനമുള്ളവയാണെന്ന് ബോധ്യമായി. ഒരേ ഉത്തരം എഴുതിയ പലർക്കും പല മാർക്കുകൾ നൽകിയതായി തെളിഞ്ഞു. തുടർന്നാണ് 2023 ജൂലൈയിലെ ഹയർ സർവേ പരീക്ഷ പുനർമൂല്യനിർണയം നടത്താൻ നിർദേശിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്.

ഇതിനായി സർവേ അഡീഷണൽ ഡയറക്ടർ,ജോയിന്റ് ഡയറക്ടർ, കൊല്ലം ഡപ്യൂട്ടി ഡയറക്ടർ, നെയ്യാറ്റിൻകര അസിസ്റ്റന്റ് ഡയറക്ടർ, റവന്യൂ (സി) വകുപ്പ് അണ്ടർ സെക്രട്ടറി എന്നിവരെ ചേർത്ത് പാനലും രൂപീകരിച്ചു. വർഷംതോറും ഈ പാനൽ പുന:ക്രമീകരിക്കാനും തീരുമാനമായി. 2023 ജൂലൈ 14നും 15 നും നടന്ന ഹയർ സർവേ ഉത്തരകടലാസുകൾ നശിപ്പിക്കരുതെന്നും ഉത്തരവിൽ നിർദേശമുണ്ട്. റവന്യൂ വകുപ്പിലെ നൂറുകണക്കിന് ഉദ്യോഗസ്ഥർക്ക് ആശ്വാസമാകുന്നതാണ് ഈ തീരുമാനം.

English Summary:

Kerala Revenue Department Orders Re-evaluation of Survey Exam After RTI Exposes Discrepancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com