വീട്ടിൽ പ്രസവിച്ചു, കുഞ്ഞിനെ ആൺസുഹൃത്തിന് നൽകി യുവതി; നവജാതശിശുവിന്റെ മരണത്തിൽ 2 പേർ പിടിയിൽ
Mail This Article
അമ്പലപ്പുഴ (ആലപ്പുഴ)∙ തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ പൂച്ചക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് കഴിഞ്ഞ 7 ന് പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹമാണ് പ്രതികൾ മറവു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും.
ഓഗസ്റ്റ് ഏഴാം തീയതി വീട്ടിൽ വച്ച് പ്രസവിച്ച യുവതി, കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വയറുവേദനയെ തുടർന്ന് പിന്നീട് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ ചികിത്സ നൽകാനാകൂ എന്നറിയിച്ചു.
തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ യുവാവിന്റെ കൈവശം അമ്മത്തൊട്ടിലിൽ നൽകാനായി ഏൽപ്പിച്ചെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.