ADVERTISEMENT

ആലപ്പുഴ ∙ തകഴിയിലെ നവജാത ശിശുവിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്‌. കുഞ്ഞു ജനിച്ചപ്പോൾ കരഞ്ഞിരുന്നെന്നു യുവതി പറഞ്ഞതായി യുവതിയെ ചികിത്സിക്കുന്ന ഡോക്ടർ മൊഴി നൽകി. അതിന്റെ അടിസ്ഥാനത്തിൽ, കുഞ്ഞിനെ യുവതി കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിൽത്തന്നെ മരിച്ചിരുന്നോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കേസിൽ കു‍ഞ്ഞിന്റെ മാതാപിതാക്കളായ പാണാവള്ളി പഞ്ചായത്ത് 13–ാം വാർഡ് ആനമൂട്ടിൽച്ചിറയിൽ ഡോണ ജോജി (22), തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24) എന്നിവരെയും മറവു ചെയ്യാൻ സഹായിച്ച തകഴി ജോസഫ് ഭവനിൽ അശോക് ജോസഫ് (30)നെയും ആലപ്പുഴ കോടതി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഡോണയെ മജിസ്ട്രേട്ട് അവിടെയെത്തിയാണു റിമാൻഡ് ചെയ്തത്.

ജനിച്ചു മണിക്കൂറുകൾ കഴിഞ്ഞാണു കുഞ്ഞിനെ ഡോണ തോമസിന്റെ കയ്യിൽ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. അതുവരെ കുഞ്ഞിനെ സൺഷൈഡിൽ സ്റ്റെയർ കേസിന് അടുത്ത് ഒളിപ്പിച്ചു വയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. പോളിത്തീൻ കവറിലാക്കിയാണു കൊടുത്തുവിട്ടത്. അപ്പോൾ ജീവനുണ്ടായിരുന്നെന്നു ഡോണയും മരിച്ചിരുന്നെന്നു തോമസും മൊഴി നൽകി. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്താലേ ചിത്രം വ്യക്തമാകൂ എന്നും അന്വേഷണസംഘം പറയുന്നു. ചികിത്സയിലുള്ള യുവതി വൈകാതെ ആശുപത്രി വിടും. അതിനു ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണു ഡോണ വീട്ടിലെ കിടപ്പുമുറിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചത്. അന്ന് അർധരാത്രിക്കു ശേഷം തോമസ് ജോസഫ് സുഹൃത്ത് അശോകുമൊത്ത് എത്തി കുഞ്ഞിന്റെ ജഡം കൊണ്ടുപോയി മറവു ചെയ്തെന്നാണു പ്രതികളുടെ മൊഴി. രക്തസ്രാവവും വയറുവേദനയും മൂലം രണ്ടു ദിവസത്തിനു ശേഷം ഡോണ ചികിത്സ തേടി. പരിശോധനയിൽ പ്രസവ വിവരം പുറത്തായി. തുടർന്നു പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണു മറ്റു രണ്ടു പ്രതികൾ കൂടി അറസ്റ്റിലായത്.

ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തീകരിച്ച ഡോണ കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു. രാജസ്ഥാനിലെ ജയ്പുരിൽ പഠനകാലത്താണ് അവിടെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിനു പഠിച്ചിരുന്ന തോമസ് ജോസഫുമായി പ്രണയത്തിലാകുന്നത്.

കുഞ്ഞിന്റെ ആന്തരികാവയവങ്ങൾ വിശദ പരിശോധനയ്ക്കു തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കാൻ പൊലീസ് ആലോചിക്കുന്നു. വ്യാഴാഴ്ച പുലർച്ചെയോടെ കുഞ്ഞിനെ മറവു ചെയ്തെന്നാണു പ്രാഥമിക നിഗമനം. ഞായറാഴ്ച വൈകിട്ടോടെയാണ് ഈ സ്ഥലം കണ്ടെത്തി ജഡം പുറത്തെടുത്തത്. അപ്പോഴേക്കും അവയവങ്ങൾ പലതും ജീർണിച്ചിരുന്നു. ടാഗ് ചെയ്യാതെ പൊക്കിൾക്കൊടി മുറിച്ചിരിക്കാമെന്നാണു പൊലീസ് കരുതുന്നത്. ഏറെ രക്തം നഷ്ടപ്പെട്ടിരുന്നു. ബുധനാഴ്ച പുലർച്ചെ പ്രസവിച്ചെങ്കിലും രഹസ്യമാക്കി വയ്ക്കുന്നതിനായി കുഞ്ഞിനെ വീട്ടിൽത്തന്നെ പലയിടത്തും പൊതിഞ്ഞുവച്ചിരുന്നെന്നാണു ഡോണയുടെ മൊഴി.

കൊച്ചിയിലെ ആശുപത്രിയിൽ ഡോണയെ പരിശോധിച്ച ഡോക്ടർമാർ പറയുമ്പോഴാണു പ്രസവം നടന്ന കാര്യം വീട്ടുകാർ അറിയുന്നത്. ഞായറാഴ്ച ഡോണയുടെ വീട്ടിലെത്തി ഫൊറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തിയിരുന്നു. പ്രസവം നടന്ന മുറി വൃത്തിയാക്കിയിരുന്നെങ്കിലും തെളിവുകൾ കിട്ടി. ഇതിന്റെ ഫലവും വരാനുണ്ട്. ഫൊറൻസിക് വിഭാഗം അസോഷ്യേറ്റ് പ്രഫ.ഡോ.ബി.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നിർവഹിച്ചത്.

English Summary:

Newborn baby Death: Crucial Statement of Doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com