നിയമസഭാ തിരഞ്ഞെടുപ്പ്: ജമ്മുകശ്മീരിൽ 3 ഘട്ടം, ഹരിയാനയിൽ ഒറ്റഘട്ടം, വോട്ടെണ്ണൽ ഒക്ടോബർ 4 ന്
Mail This Article
ന്യൂഡൽഹി∙ ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായാണു തിരഞ്ഞെടുപ്പ്. ആദ്യഘട്ടം സെപ്റ്റംബർ 18ന്. സെപ്റ്റംബർ 25നാണു രണ്ടാം ഘട്ടം. ഒക്ടോബർ 1നു മൂന്നാംഘട്ട തിരഞ്ഞെടുപ്പും നടക്കും. ഒക്ടോബർ 4നാണു വോട്ടെണ്ണല്‍.
ഹരിയാനയില്‍ ഒറ്റഘട്ടമായാണു വോട്ടെടുപ്പ്. ഒക്ടോബർ 1ന് ഹരിയാന പോളിങ് ബൂത്തിലെത്തും. വോട്ടെണ്ണൽ ഒക്ടോബർ 4ന്. മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുമെന്നു കരുതിയെങ്കിലും പ്രഖ്യാപിച്ചില്ല. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചിട്ടില്ല.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തിയിരുന്നു. രാഹുൽഗാന്ധി വയനാട് ലോക്സഭാ സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണു തിരഞ്ഞെടുപ്പു വേണ്ടിവരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽനിന്ന് കെ.രാധാകൃഷ്ണൻ ജയിച്ചതോടെ ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പു നടക്കും. ഇതിനോടൊപ്പം പാലക്കാട് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ഷാഫി പറമ്പിൽ എംഎൽഎ വടകരയിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.