ADVERTISEMENT

കോട്ടയം ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച്, മൊഴി കൊടുത്തവർക്ക് ആശങ്കയുണ്ടെന്നും റിപ്പോർട്ട് വായിക്കാൻ അവസരം ലഭിച്ച ശേഷം അതു പുറത്തുവരട്ടെ എന്നാണു പലരുടെയും നിലപാടെന്നും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‍മി. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതു വൈകുന്നതിൽ പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്‍മി. ‘‘ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴികൊടുത്ത നിരവധി പേരോടു സംസാരിച്ചു. മൊഴി കൊടുത്തതു പുറത്തുവരാനല്ലെന്നും സിനിമാ മേഖലയിൽ മാറ്റം വരണമെന്നു മാത്രമാണു തങ്ങളുടെ നിലപാടെന്നുമാണ് അവർ പറയുന്നത്. തൊഴിലിടത്തിൽ സ്ത്രീകൾക്കു തുല്യത വേണം. പ്രത്യേക വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ സുരക്ഷയില്ല, ഭക്ഷണത്തിലെ വേർതിരിവ്, വേതനത്തിലെ വ്യത്യാസം തുടങ്ങി പല പരാതികളുമുണ്ട്. ആരെങ്കിലും ഏതെങ്കിലും വിഷയത്തിൽ പരാതിപ്പെട്ടാൽ സിനിമയിൽനിന്ന് അവരെ ഒഴിവാക്കും. ആ പ്രവണത ഇല്ലാതാക്കണമെന്നാണു മൊഴി കൊടുത്തവരുടെ ആഗ്രഹം.

നിയമപരമായ പരിരക്ഷ സിനിമാരംഗത്ത് ഉണ്ടാക്കാൻ പറ്റില്ല. രണ്ടുദിവസം അഭിനയിച്ച വ്യക്തിയെ മൂന്നാമത്തെ ദിവസം അഭിനയം ഇഷ്ടമായില്ലെന്നു പറഞ്ഞ് ഒഴിവാക്കാൻ പറ്റും. ഇതിനെതിരായ നിയമപരിരക്ഷ സിനിമാ രംഗത്തു കൊണ്ടുവരാൻ പറ്റില്ല. മൊഴി കൊടുത്തവർ പരാതിയല്ല, അവരുടെ സങ്കടങ്ങൾ പറഞ്ഞതാണ്. ‘ഇന്നയാള്‍ ഇന്നയാളെക്കൊണ്ട് ഇന്നരീതിയിൽ പറഞ്ഞു’ എന്ന് പറയുമ്പോൾ അത് ബാധിക്കുന്നത് അത് പറഞ്ഞയാളെയായിരിക്കും. ഈ റിപ്പോർട്ടിൽ എന്തൊക്കെയായിരിക്കും വരുന്നത് എന്നതിൽ അവർക്ക് നല്ല ആശങ്കയുണ്ട്, ഭയമുണ്ട്. റിപ്പോർട്ടിന്റെ കോപ്പി തങ്ങളും കൂടി വായിച്ച് കുഴപ്പമില്ലാത്തതാണെങ്കിൽ പുറത്തുവരട്ടെ എന്നതാണു പലരുടെയും അഭിപ്രായം’’ – ഭാഗ്യലക്ഷ്‍മി സംസാരിക്കുന്നു.

∙ ചെറുത്തുനിൽക്കാനുള്ള ധൈര്യമുണ്ട്

‘‘ഞാൻ ഹേമ കമ്മിറ്റി മുമ്പാകെ പോയി സംസാരിച്ചയാളാണ്. ഒരു പരാതിയുമില്ലെന്നാണ് ഞാൻ പറഞ്ഞത്. എനിക്ക് എതിരെ വരുന്ന എന്തു വിഷയത്തെയും ചെറുത്തുനിൽക്കാനുള്ള ധൈര്യമുണ്ട്. അതു പണ്ടുമുതലുണ്ട്. അങ്ങനെ ആകാത്തിടത്തോളം ഇവിടെ ഒരു നിയമവും കൊണ്ടുവന്നിട്ടു കാര്യമില്ല. നമ്മളെ സംരക്ഷിക്കാൻ നമുക്കു മാത്രമേ സാധിക്കൂ എന്നാണു വിശ്വാസം. എനിക്കു വേതനം വാങ്ങിത്തരാൻ, എന്റെ സുരക്ഷയ്ക്ക് എനിക്കൊരു സംഘടനയുടെയും ആവശ്യമില്ല. എന്നെ സംരക്ഷിക്കാൻ എനിക്ക് അറിയാം. എന്നാൽ തങ്ങൾക്കു നേരിടേണ്ടിവന്ന ദുരനുഭവം ചിലർ പറഞ്ഞുകേട്ടിട്ടുണ്ട്. സങ്കടം പറയാൻ അവർക്കൊരു ഇടം കിട്ടി എന്നതാണത്. ആ സങ്കടം അവർ പറഞ്ഞു. ആരുടെയും പേരോ സംഭവങ്ങളോ പുറത്തുവിടില്ലെന്നു ഹേമ കമ്മിറ്റി ഉറപ്പുകൊടുത്തിട്ടുണ്ട്. എന്നാൽ സ്ത്രീകളല്ലാത്ത ഒരാളാണ് സ്റ്റേ ആവശ്യപ്പെട്ട് കോടതിയിൽ പോയത്. ആ വ്യക്തിക്ക് എന്താണ് ഇതിൽ കാര്യം? ആരൊക്കെയോ റിപ്പോർട്ടിനെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടായിരിക്കണം അവർ റിപ്പോർട്ട് പുറത്തുവരുന്നതിൽ അസ്വസ്ഥതപ്പെടുന്നത്. നിയമപരമായി നീങ്ങാൻ തെളിവുകളില്ല, ഇതിനെ എങ്ങനെ നേരിടും എന്നതാണു ‍സ്ത്രീകളെ ഭയപ്പെടുത്തുന്ന കാര്യം .

∙ റിപ്പോർട്ട്, ഹർജി

റിപ്പോർട്ടിൽ സ്ഫോടനാത്മകമായ വിവരങ്ങളുണ്ടാകില്ല. റിപ്പോർട്ട് പുറത്തുവന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. മൊഴി കൊടുത്തവരുടെ ഭയം മാറണമെങ്കിൽ അവർക്കു റിപ്പോർട്ടിന്റെ കോപ്പി വായിക്കാൻ കൊടുക്കണം. എന്നിട്ട് റിപ്പോർട്ട് പുറത്തുവിടട്ടെ. സ്ത്രീകൾ എല്ലായിടത്തും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഐടി മേഖലയിലും സർക്കാർ തലത്തിലുമൊക്കെ തൊഴിലിന് ഉറപ്പുണ്ട്. പുറത്താക്കിയാൽ അതിനെതിരെ അവർക്കു നിയമസഹായം തേടാം. സിനിമയിൽ അതു പറ്റില്ല. നടി രഞ്ജിനി നേരത്തേ ഹർജി നൽകേണ്ടതായിരുന്നു. എന്തുകൊണ്ട് ഇത്ര വൈകി എന്നാണു സംശയം. മറ്റൊരാൾ ഹർജി നൽകി, കോടതി തള്ളി. പെട്ടെന്ന്, വിഷയത്തിൽ ബാധിക്കപ്പെട്ട ഒരാൾ തന്നെ മുൻപോട്ടു വന്നു. രഞ്ജിനിക്കു പറയാനുള്ള അവകാശമുണ്ട്. ആ അവകാശം ഉപയോഗിക്കാനുള്ള ബോധം വളരെ വൈകിയല്ലേ വന്നത് എന്നു സംശയയവുമുണ്ട്.

∙ സിനിമയിലെ മാറ്റം

സിനിമയ്ക്കുള്ളിൽ മാറ്റം വരണമെങ്കിൽ സ്ത്രീകളും പുരുഷന്മാരും ഒപ്പം നിൽക്കണം. സ്ത്രീകൾ കുറച്ചുകൂടി ശക്തരാകണം. പ്രശ്നത്തെ നേരിടുന്ന സ്ത്രീക്കൊപ്പം ഒറ്റക്കെട്ടായി സ്ത്രീകൾ എന്ന് ഒന്നിച്ചു നിൽക്കുന്നോ അന്നുമാത്രമേ നമ്മൾ ആഗ്രഹിക്കുന്ന രീതിയിലുള്ള മാറ്റം സിനിമയിൽ ഉണ്ടാകൂ. സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ക്ക് സങ്കടങ്ങൾ പറയാനെന്ന രീതിയിലാണു ഡബ്ല്യുസിസി രൂപീകരിച്ചത്. സ്ത്രീകൾക്ക് അവിടെ പോയി സങ്കടം പറയാൻ പറ്റുന്നുണ്ടോ? ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി നടക്കുന്നുണ്ടോ? പരാതികളുണ്ട്, പക്ഷേ പരാതിക്കാരില്ല. തൊഴിൽ നിഷേധം എല്ലാവരും ഭയക്കുന്നുണ്ട്. സ്ത്രീകൾക്കു മാത്രമല്ല, ചെറിയ കഥാപാത്രങ്ങൾ ചെയ്യുന്ന പുരുഷന്മാർക്കും ഈ ഭയമുണ്ട്. പേയ്മെന്റ് കിട്ടിയില്ലെന്നു പരാതികൊടുത്താൽ, അടുത്ത പടത്തിൽ അവരുണ്ടാകില്ല.

കഴിവുള്ളവരെ എന്നും മാറ്റിനിർത്താൻ പറ്റില്ല. കാര്യങ്ങൾ തുറന്നുപറയുന്നതിനു പാർവതി തിരുവോത്തിന് എതിരെ സമൂഹമാധ്യമങ്ങളിൽ ആക്രമണം നടന്നു. എന്നിട്ട് പാർവതി സിനിമ ചെയ്യാതിരിക്കുന്നുണ്ടോ? ആക്രമിക്കപ്പെട്ട നടിയോടൊപ്പം നിൽക്കാത്ത ഒരുപാട് നടിമാരുണ്ട്. അവർക്കു സിനിമയുണ്ടോ? കഴിവുള്ളവർക്കു സിനിമയുണ്ടാകും. ഡബ്ല്യുസിസിയിൽ ഇടപെടുന്നതുകൊണ്ട് കുറച്ചുപേർക്ക് അവസരം നിഷേധിക്കപ്പെടുന്നുണ്ട്. വിരലിലെണ്ണാവുന്ന സംവിധായകർ മാത്രമാണ് അങ്ങനെ ചെയ്യുന്നത്. എല്ലാ സംവിധായകരും നിർമാതാക്കളും അങ്ങനെയല്ല. എനിക്ക് ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ സിനിമകൾ ഡബ്ബ് ചെയ്യാതിരുന്നിട്ടുണ്ടോ? നാലായിരത്തിലേറെ സിനിമകൾക്കു ഡബ്ബ് ചെയ്തു. ജോലി അറിയാമെങ്കിൽ, പ്രതികരിച്ചു എന്നതുകൊണ്ടു മാത്രം ഒരാൾക്കും നമ്മളെ ഇല്ലാതാക്കാൻ കഴിയില്ല. പക്ഷേ ഒരാളുടെ ശബ്ദം മാത്രം പോരാ, ശബ്ദത്തിന് ശക്തി കൂടണമെങ്കിൽ എല്ലാ സ്ത്രീകളും ഒന്നിച്ച് നിൽക്കണം. സ്ത്രീകൾ ശക്തരാണെന്നു മനസ്സിലാകുമ്പോൾ കാര്യങ്ങൾ അതിനനുസരിച്ചു മാറും.’’

English Summary:

Bhagyalakshmi on Hema Commission Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com