‘വെളിച്ചം’ കാണാതെ ഹേമ കമ്മിറ്റി റിപ്പോർട്ട്, ഓട്ടോറിക്ഷകൾക്ക് ഇനി സ്റ്റേറ്റ് പെർമിറ്റ്: പ്രധാനവാർത്തകൾ
Mail This Article
1. തിരുവനന്തപുരം∙ മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണു തീരുമാനം. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് നടി അപ്പീൽ നൽകിയത്. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇതിനു പിന്നാലെയായിരിക്കും തീരുമാനം.
2. തിരുവനന്തപുരം∙ സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ. കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനാകും. ഓട്ടോറിക്ഷ യൂണിയന്‍റെ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഇളവ്. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്‍റെ ആവശ്യപ്രകാരം ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഈ തീരുമാനം.
വായിക്കാം: ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ്; ഇനി ദൂരപരിധിയില്ല, കേരളം മുഴുവൻ കറങ്ങാം
3. കൊൽക്കത്ത∙ കൊൽക്കത്തയിലെ യുവ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ കൂടുതൽ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നെന്ന് കുടുംബം സിബിഐക്ക് മൊഴി നൽകി. സംഭവത്തിൽ ആശുപത്രി ജീവനക്കാരെയും സഹപാഠികളെയും സംശയമുള്ളതായി വനിതാ ഡോക്ടറുടെ പിതാവ് പറയുന്നു. ആശുപത്രിയിലെ നിരവധി ഇന്റേണുകളും ഫിസിഷ്യൻമാരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പിതാവിന്റെ മൊഴി.
4. ബെംഗളൂരു∙ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ താവർചന്ദ് ഗെലോട്ട്. മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട മുഡ ഭൂമി കുംഭകോണ കേസിലാണ് നടപടി. മൂന്ന് സാമൂഹിക പ്രവർത്തകർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്.
വായിക്കാം: ഭൂമി കുംഭകോണം: സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ
5. തിരുവനന്തപുരം∙ നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദക്ക് എതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്ന കുറ്റപത്രം ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി മടക്കി. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സ കാതറിന്‍ ജോർജാണ് കുറ്റപത്രം മടക്കിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷൗക്കത്തലി സമര്‍പ്പിച്ച കുറ്റപത്രത്തില്‍, പ്രാരംഭ ഘട്ടത്തില്‍ കേസ് അന്വേഷിച്ച പേട്ട പൊലീസ് തയാറാക്കിയ സീന്‍ മഹസര്‍ അടക്കമുളള കാര്യങ്ങള്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് കുറ്റപത്രം കോടതി മടക്കിയത്.
വായിക്കാം: സ്വാമി ഗംഗേശാനന്ദ കേസ്: ക്രൈംബ്രാഞ്ചിനു തിരിച്ചടി; കുറ്റപത്രം മടക്കി കോടതി