വാടകവീടുകൾക്ക് വൻതുക അഡ്വാൻസ്; കടുത്ത പ്രതിസന്ധിയിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർ
Mail This Article
കൽപറ്റ∙ വാടകവീടുകൾക്ക് വൻ തുക അഡ്വാൻസ് ആവശ്യപ്പെടുന്നതോടെ കടുത്ത പ്രതിസന്ധിയിലായി ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർ. വാടക വീടുകൾ അന്വേഷിച്ചിറങ്ങിയ പലരോടും അഡ്വാൻസായി ആവശ്യപ്പെടുന്നത് വൻ തുകയാണ്.
ക്യാംപുകളിൽനിന്നു സ്വയം വാടകവീടുകൾ കണ്ടെത്തി മടങ്ങുന്നവർക്കാണ് ഇരട്ടി ദുരിതം. മിക്ക വീട്ടുടമകളും അഡ്വാൻസായി ആവശ്യപ്പെടുന്നത് 10,000 മുതൽ 50,000 രൂപ വരെയാണ്. മാസം വാടകയായി 6,000 രൂപ വരെ അനുവദിക്കുമെന്നാണു സർക്കാർ അറിയിച്ചത്. എന്നാൽ അഡ്വാൻസ് തുകയുടെ കാര്യത്തിൽ സർക്കാർ സഹായമില്ല. അതിനാൽ ഈ തുക ദുരന്ത ബാധിതർ തന്നെ കണ്ടെത്തേണ്ട സ്ഥിതിയാണ്.
കുട്ടികളുടെ വിദ്യാഭ്യാസവും മറ്റും പരിഗണിച്ചാണു മിക്ക കുടുംബങ്ങളും സ്വന്തം നിലയ്ക്കു വീട് അന്വേഷിച്ചിറങ്ങിയത്. ഭൂരിഭാഗം പേർക്കും നിരാശയാണു ഫലം. ആഗസ്റ്റോടെ താത്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്. എന്നാൽ വാടക വീടുകൾ പോലും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ക്യാംപിൽ കഴിയുന്ന പലരും ആശങ്കയിലാണ്. പലരും ഉടുതുണിപോലും ഇല്ലാതെയാണ് ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്. അതിനാൽ ഇത്രയും വലിയ തുക അഡ്വാൻസായി നൽകുക എന്നത് അസാധ്യമാണ്.