ADVERTISEMENT

തിരുവനന്തപുരം∙ സിനിമാ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയാൻ ചില പുരുഷൻമാർക്കും ഭയമായിരുന്നുവെന്ന് വെളിപ്പെടുത്തി ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമാ മേഖലയിലെ പ്രശസ്തരെ ഉൾപ്പെടെ തീർത്തും നിസ്സാരമായ പ്രശ്നങ്ങളുടെ പേരിൽ സിനിമകളിൽനിന്ന് വിലക്കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അറിഞ്ഞോ അറിയാതെയോ ഈ മേഖലയിലെ ‘പ്രമുഖരുടെ’ അപ്രീതിക്ക് പാത്രമായതിന്റെ പേരിലാണ്, നിസാര പ്രശ്നങ്ങൾ പറഞ്ഞു ദീർഘകാലത്തേക്കു പോലും ചില നടൻമാരെ വിലക്കിയതെന്ന് റിപ്പോർട്ടിലുണ്ട്.

‘ചില പുരുഷന്മാരും സിനിമാ മേഖലയിൽ ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയതായി’ ഹേമ കമ്മിറ്റി വ്യക്തമാക്കുന്നു. ‘അതിശയകരം’ എന്ന വിശേഷണത്തോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതേക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്. ചില പ്രമുഖ നടൻമാർ ഉൾപ്പെടെ അവരിൽ പലരും സിനിമയിൽ തുടർന്നു പ്രവർത്തിക്കുന്നതിൽനിന്ന് നിയമവിരുദ്ധമായി വിലക്കപ്പെട്ടു. തീർത്തും നിസാരമായ കാരണങ്ങളുടെ പേരിലാണ് അവരിൽ പലരെയും വിലക്കിയതെന്ന ഞെട്ടിക്കുന്ന വസ്തുതയും റിപ്പോർട്ടിലുണ്ട്.

സിനിമാ മേഖല ഭരിക്കുന്ന ചില ലോബികളുടെ അപ്രീതിക്ക് അറിഞ്ഞോ അറിയാതെയോ കാരണമായതിന്റെ പേരിലാണ് ഈ വിലക്കെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കമ്മിറ്റിക്കു മുൻപാകെ പറയുന്ന കാര്യങ്ങൾ എന്തെങ്കിലും കാരണത്താൽ പുറത്തുപോയാൽ, അതിന്റെ പേരിൽ സിനിമയിലെ ഭാവി പോകുമെന്ന് ഭയന്ന് തുറന്നുപറയാൻ മടിച്ച പുരുഷൻമാരുമുണ്ട്. അതേസമയം, ചില പുരുഷൻമാർ എതിർപ്പും ഭീഷണിയും വകവയ്ക്കാതെ കാര്യങ്ങൾ തുറന്നു പറയാൻ തയാറായി. ഡബ്ല്യുസിസിയുടെ രൂപീകരണം സിനിമാ മേഖലയ്ക്കു ഗുണകരമാണെന്ന് തുറന്നുപറ‍ഞ്ഞ നടൻമാരുമുണ്ടെന്ന് റിപ്പോർട്ടിലുണ്ട്.

English Summary:

Hema Committee Exposes Shocking Ban on Actors, Even Men, in Film Industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com