‘എല്ലാവരും മോശക്കാരാണെന്ന പ്രചാരണം പാടില്ല; സിനിമയെ കളങ്കപ്പെടുത്തുന്നവർ നടപടിക്ക് വിധേയരാവണം’
Mail This Article
തിരുവനന്തപുരം∙ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്ന പ്രവണത ഇല്ലാതാക്കണം.
റിപ്പോർട്ടിലെ വിവരങ്ങൾ ഗൗരവതരമാണ്. ഇടതുപക്ഷ സർക്കാരാണ് സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് പഠിക്കാൻ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ കമ്മിറ്റി ആദ്യമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഹേമ കമ്മിറ്റി മുന്നോട്ട് വച്ച ശുപാർശകൾ സർക്കാർ കൂടിയാലോചന നടത്തി പ്രയോഗത്തിൽ വരുത്തണം.
ലോകസിനിമയിൽ തന്നെ ശ്രദ്ധേയമായ പല നേട്ടങ്ങളും അടയാളപ്പെടുത്തിയതാണ് മലയാള സിനിമ. ഇതിനെ കളങ്കപ്പെടുത്തുന്നവർ നടപടിക്ക് വിധേയരാവണം. എന്നാൽ ഇതിന്റെ പേരിൽ എല്ലാവരും മോശക്കാരാണ് എന്ന പ്രചാരണവും പാടില്ലെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.