50,000 അയച്ചു, 53,000 കിട്ടി; പിന്നെ അയച്ചതൊന്നും തിരിച്ചുകിട്ടിയില്ല: ഇൻസ്റ്റഗ്രാമിലെ ‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ തട്ടിപ്പ്, അറസ്റ്റ്
Mail This Article
കോഴിക്കോട്∙ ഓൺലൈൻ വഴി പണം തട്ടിയെടുത്ത കേസിൽ മൂന്ന് കോഴിക്കോട് സ്വദേശികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. കൊടുവള്ളി സ്വദേശി സെയ്ഫുൽ റഹ്മാൻ, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണൻ, അഖിൽ ബാബു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. ഇവർ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു എന്നാണു വിവരം. വീട്ടിലിരുന്നു പണം സമ്പാദിക്കാം എന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. കല്ലറ - കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണു തട്ടിപ്പിനിരയായത്.
ഇൻസ്റ്റഗ്രാം വഴിയായിരുന്നു ചാറ്റിങ്. ആദ്യം വീട്ടമ്മ 1000 രൂപ നൽകി. പിറ്റേ ദിവസം 1300 രൂപ വീട്ടമ്മയുടെ അക്കൗണ്ടിൽ എത്തി. തുടർന്ന് 3000 രൂപ നൽകി. തൊട്ടടുത്ത ദിവസം 3300 രൂപ വന്നു. പിന്നെ 50,000 രൂപ നൽകി, 53,000 രൂപ ലഭിച്ചു. തുടർന്ന് 80,000 രൂപ നൽകി. എന്നാൽ പണം തിരികെ ലഭിച്ചില്ല. പണം ലഭിക്കാതെ വന്നതോടെ ഇടപാടുകാരെ ബന്ധപ്പെട്ടു. അക്കൗണ്ട് ബ്ലോക്കായതിനാൽ പണം നൽകാൻ സാധിക്കുന്നില്ലെന്നും ഒരു ലക്ഷം രൂപ അയച്ചു തരണമെന്നും ഇവർ അറിയിച്ചു.
തുടർന്ന് അഞ്ച് ലക്ഷത്തോളം രൂപ വീട്ടമ്മ നൽകി. അക്കൗണ്ട് ബ്ലോക്ക് മാറിയാൽ പലിശ ഉൾപ്പെടെ പണം തിരികെ നൽകാമെന്നായിരുന്നു അറിയിച്ചത്. സ്വർണം പണയം വച്ചായിരുന്നു വീട്ടമ്മ പണം അയച്ചത്. കബളിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായതോടെ കഴിഞ്ഞ ജൂലൈയിലാണ് പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിനു പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുവെന്നാണു പ്രാഥമിക അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.