‘ആ 15 പേരുകൾ പറയാതെയും നേരിടാം; ഇരകളും വേട്ടക്കാരും ഒന്നിച്ചുള്ള ചർച്ചയാണോ കോൺക്ലേവ്?’
Mail This Article
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നതു പോലെ, മലയാള സിനിമയെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പുണ്ട് എന്നതിനു തെളിവ് തങ്ങൾക്കുണ്ടായ ജോലി നഷ്ടമാണെന്ന് ചലച്ചിത്ര താരം പാർവതി തിരുവോത്ത്. മനോരമ ന്യൂസിനോടാണ് പാർവതിയുടെ പ്രതികരണം. ‘‘റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിലെ ആ 15 പേരുടെ പേരുകൾ പുറത്തുവരാതെയും അവരെ നേരിടാനാവും. മൊഴി നൽകിയ ഓരോ സ്ത്രീയും കടന്നുപോയ സംഘർഷങ്ങൾ ഓർക്കണം. ഡബ്ല്യുസിസി ഉണ്ടായ കാലം മുതൽ പരിഹാസവും ഒറ്റപ്പെടലും നേരിട്ടിരുന്നു. ഞങ്ങളുമായി സൗഹൃദം ഉണ്ടെന്നു തോന്നിയവരെ പോലും സിനിമയിൽനിന്നു മാറ്റി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിലൂടെ എല്ലാ പ്രശ്നങ്ങളും തീർന്നു എന്ന തെറ്റിദ്ധാരണയില്ല. റിപ്പോർട്ടിൽ സർക്കാരിന്റെ പ്രായോഗിക നടപടികളിലേക്ക് ഉറ്റുനോക്കുകയാണ്. അതുമായി ബന്ധപ്പെട്ട് കോൺക്ലേവ്, ട്രൈബ്യൂണൽ എന്നല്ലാം കേൾക്കുന്നുണ്ട്. ഇതിനെല്ലാം വ്യക്തമായ നിർവചനം വേണം. കോൺക്ലേവ് കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് എന്താണെന്നു വ്യക്തത വേണം.
ഇരകളും വേട്ടക്കാരും ഒന്നിച്ചിരുന്നുള്ള ചർച്ചയാണോ ഉദ്ദേശിക്കുന്നത്? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുട്ടികളെന്നു പരാമർശിച്ചത് ഗൗരവമായി പരിഗണിക്കണം. അത്തരം മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പറ്റുമോ എന്ന് സർക്കാർ പരിശോധിക്കണം അതിജീവിതമാർ പരാതി നൽകിയാലും നീതി കിട്ടുമെന്ന് എന്താണ് ഉറപ്പ്? ഇക്കാര്യത്തിലെ മുന്നനുഭവങ്ങളൊന്നും പ്രതീക്ഷ നൽകുന്നതല്ല. അതിനെതിരെ മുന്നോട്ടുവരുന്നവരെ വേട്ടയാടും.
റിപ്പോർട്ടിൽ ഒരു നടപടിയും ഉണ്ടാകാതിരുന്ന നാലര വർഷം ഒരുപാട് ശ്വാസംമുട്ടലുണ്ടാക്കി. ഇക്കാര്യത്തിൽ ഡബ്ല്യുസിസി സാംസ്കാരിക മന്ത്രിക്ക് വിശദമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. തുടർനടപടികൾക്കായി ഇനി നാലുവർഷം കൂടി കാത്തിരിക്കാൻ വയ്യ. ഇക്കാര്യത്തിൽ പ്രഖ്യാപനങ്ങൾ മാത്രം പോരാ, കൃത്യമായ നടപടിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല.’’ – പാർവതി പറഞ്ഞു.