ADVERTISEMENT

ന്യൂഡൽ‌ഹി ∙ കൊല്‍ക്കത്തയിലെ ആര്‍.ജി. കാര്‍ ആശുപത്രിയില്‍ ‌വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിനെതിരെ ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. രണ്ടാഴ്ചയോളം നീണ്ട സമരം സുപ്രീംകോടതിയില്‍നിന്ന് ഉറപ്പു ലഭിച്ച സാഹചര്യത്തിലാണ് അവസാനിപ്പിക്കുന്നതെന്നു റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ആര്‍ഡിഎ) അറിയിച്ചു. ഡോക്ടര്‍മാർ സമരം അവസാനിപ്പിച്ചു തിരികെ ജോലിയിൽ പ്രവേശിക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എയിംസിലെ കൂടാതെ ഇന്ദിരാ ഗാന്ധി ആശുപത്രിയിലെയും ഡോ റാം മനോഹർ ലോഹ്യ ആശുപത്രിയിലെയും ഡോക്ടർമാരും സമരം അവസാനിപ്പിച്ചു.

രാജ്യത്തിന്റെയും പൊതുസേവനത്തിന്റെയും താൽപര്യം കണക്കിലെടുത്ത് 11 ദിവസത്തെ സമരം അവസാനിപ്പിക്കുകയാണെന്ന് ആർഡിഎ (എയിംസ്) വ്യക്തമാക്കി. ‘‘ആർ.ജി. കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സംഭവത്തിൽ ഇടപെട്ട സുപ്രീംകോടതിയെ ഞങ്ങൾ ആത്മാർഥമായി അഭിനന്ദിക്കുന്നു. രാജ്യത്തെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയെപ്പറ്റിയും കോടതി ആശങ്ക അറിയിച്ചു.’’– ആർഡിഎ അഭിപ്രായപ്പെട്ടു.

ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലെ ഹർജികളിൽ വാദം കേൾക്കവേ, ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ച് ഉന്നയിച്ചത്. കൊലപാതകത്തെ അസ്വാഭാവിക മരണമായി റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിക്കാൻ വൈകി. പോസ്റ്റ്‍മോർട്ടത്തിനു ശേഷം മാത്രമാണ് അസ്വാഭാവിക മരണമെന്ന് റജിസ്റ്റർ ചെയ്തത്. മരണം അസ്വാഭാവികമല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് മൃതദേഹം പോസ്റ്റ്‍മോർട്ടത്തിന് അയച്ചത്. ഇതാണ് ശരിയെങ്കിൽ അപകടകരമായതെന്തോ സംഭവിച്ചിട്ടുണ്ട്. കൊൽക്കത്ത കേസിൽ പൊലീസ് കാണിച്ച കൃത്യവിലോപം പോലെയൊന്ന് 30 വർഷത്തിനിടെ കണ്ടിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

English Summary:

"Will Return To Work": AIIMS Doctors' Body After Supreme Court's Appeal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com