ADVERTISEMENT

കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെടാത്ത ഭാഗങ്ങള്‍ സര്‍ക്കാര്‍ വെട്ടി മാറ്റിയത് എന്തിനാണെന്നു മുഖ്യമന്ത്രി പറയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എത്ര വലിയ കൊമ്പന്മാരാണ് അപ്പുറത്തെങ്കിലും നീതി ലഭിക്കുന്നതു വരെ പ്രതിപക്ഷം ഇരകള്‍ക്കൊപ്പം നില്‍ക്കും. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ സിനിമ കോണ്‍ക്ലേവ് നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

‘‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയതു ഇരകളായ സ്ത്രീകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ്. കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര നടന്നതിനു തെളിവായി ഇരകളുടെ മൊഴികളും പെന്‍ഡ്രൈവുകളും ഉണ്ടായിട്ടും സര്‍ക്കാര്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണ്? കേസെടുത്തില്ലെങ്കിലും അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കത്തിലൂടെ ആവശ്യപ്പെട്ടെന്നു മുഖ്യമന്ത്രി പറഞ്ഞതു പച്ചക്കള്ളമാണ്. ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് മാത്രമേ റിപ്പോര്‍ട്ട് പുറത്തു വിടാവൂ എന്നാണു ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടത്. അതിനെയാണു മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്തത്’’– വി.ഡി.സതീശൻ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ കേസെടുക്കാതിരിക്കുകയോ ചെയ്താല്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 199 അനുസരിച്ചു കുറ്റകൃത്യമാണ്. നാലര വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂടിവച്ച മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റകൃത്യം ചെയ്തിരിക്കുകയാണ്.  വിവരാവകാശ കമ്മിഷന്റെയോ സര്‍ക്കാരിന്റെയോ ഉത്തരവില്‍ പറഞ്ഞിട്ടില്ലാത്ത റിപ്പോര്‍ട്ടിലെ 97 മുതല്‍ 107 വരെയുള്ള ഖണ്ഡികകള്‍ വെട്ടി മാറ്റിയത് എന്തിനെന്നും മുഖ്യമന്ത്രി മറുപടി പറയണം. ഇരകളുടെയല്ല സുപ്രീം കോടതിയെയും ജസ്റ്റിസ് ഹേമ കമ്മിറ്റിയെയും മുന്നില്‍ നിര്‍ത്തി വേട്ടക്കാരെ സംരക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

ആരോപണ വിധേയരെയും ഇരകളെയും ഒന്നിച്ചിരുത്തിയാണു സര്‍ക്കാര്‍ കോണ്‍ക്ലേവ് നടത്തുമെന്നു പറയുന്നത്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെയും ഇരകള്‍ക്ക്  നീതി നല്‍കാതെയും കൊച്ചിയില്‍ കോണ്‍ക്ലേവ് നടത്താന്‍ അനുവദിക്കില്ല. ജനങ്ങളെ വിഡ്ഢികളാക്കരുത്. ഇരകളെ അപമാനിക്കരുത്. പ്രതിപക്ഷത്തിന്റെ ന്യായമായ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്കു മറുപടിയില്ല. ഇരകളായ സ്ത്രീകള്‍ക്കു നീതി കിട്ടുന്നതു വരെ അവര്‍ക്കൊപ്പം പ്രതിപക്ഷവും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

"No Conclave Without Justice": Satheesan Demands Action in Kerala Film Industry Harassment Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com