ADVERTISEMENT

കൊച്ചി∙ ഹേമ കമ്മീഷൻ റിപ്പോർട്ട് പൂർണമായും സ്വാഗതാർഹമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും അമ്മ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ജഗദീഷ്.  വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ ഒഴിവാക്കിയെന്നും ആരോപിതർ  അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു. അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തരുത്. ഒറ്റപ്പെട്ട സംഭവങ്ങളും അന്വേഷിക്കണം. പല തൊഴിലിടത്തും ഇങ്ങനെയില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഭാവിയിൽ ഈ പ്രശ്നം പരിഹരിക്കാനാണു നമ്മൾ ശ്രമിക്കേണ്ടതെന്നും ജഗദീഷ് പറഞ്ഞു.

‘‘റിപ്പോർട്ടിലെ വിലയിരുത്തലുകളെ സാമാന്യവത്കരിക്കരുത്. വിജയിച്ച നടിയോ നടനോ വഴിവിട്ട പാതയിലൂടെ വന്നവരാണെന്നു ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞെങ്കിൽ വേദനയുണ്ടാക്കുന്നതാണ്. റിപ്പോർട്ടിലെ ചില പേജുകൾ എന്തിന് ഒഴിവാക്കിയെന്ന വിശദീകരണം സർക്കാർ നൽകേണ്ടി വരും. ഇരയായവരുടെ പേര് ഒഴിവാക്കാം. വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോടതിയിൽ മുദ്രവച്ച കവറിൽ റിപ്പോർട്ടിന്റെ പൂർണരൂപത്തിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കണം. ആ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരണം’’–ജഗദീഷ് പറഞ്ഞു.

‘‘പേരുകൾ പുറത്തുവിടാൻ ഹൈക്കോടതി അനുവദിക്കുമെങ്കിൽ അതു നടക്കട്ടെ. കോടതി എന്തു തീരുമാനമെടുത്താലും പൂർണമായി സഹകരിക്കും. ഏതെങ്കിലും വ്യക്തികൾക്കെതിരെ കേസെടുക്കാൻ കോടതി പറഞ്ഞാൽ അവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ അമ്മ തയാറാണ്. പവർ ഗ്രൂപ്പ് ഒരു ആലങ്കാരിക പദമാണ്. സ്വാധീനമുള്ള വ്യക്തികളെന്നാകും ഉദ്ദേശിച്ചത്. പവർ ഗ്രൂപ്പിനെപ്പറ്റി കേട്ടിട്ടില്ല. സ്വാധീനമുള്ള വ്യക്തികളുടെ ആധിപത്യം എന്നാകും ഉദ്ദേശിച്ചത്. മാഫിയ ഉണ്ടെന്ന് കരുതുന്നില്ല. കാസ്റ്റിങ് കൗച്ച് ചിലർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവരത് പറയുമ്പോൾ അന്നു പറയാത്തതെന്താ എന്ന് ചോദിക്കാനാവില്ല. അവർക്ക് എപ്പോൾ വേണമെങ്കിലും പരാതി ഉന്നയിക്കാം’’– ജഗദീഷ് വിശദീകരിച്ചു.

‘‘ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവച്ചത് എന്തിനെന്നതിൽ മതിയായ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോർട്ട് അന്നുതന്നെ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ ഇക്കാലം കൊണ്ടു വലിയ മാറ്റമുണ്ടായേനെ. ഇന്നു നടിമാർക്കു പരാതി പറയേണ്ടി വരില്ലായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം തെറ്റു ചെയ്യുന്നവരുടെ മനസിൽ ഭയം വന്നിട്ടുണ്ട്. തെറ്റോ ചൂഷണമോ സംഭവിച്ചാൽ ചോദിക്കാൻ സംവിധാനങ്ങളുണ്ടെന്ന് ആളുകൾക്ക് തോന്നിയിട്ടുണ്ട്. എല്ലായിടത്തും ചൂഷണമില്ല. ചൂഷണമുണ്ടെങ്കിൽ അത് പരിഹരിക്കണം. അതിനുള്ള ശ്രമങ്ങളുണ്ടായില്ലെങ്കിൽ ഇതുപോലെ ജനങ്ങളിൽനിന്ന് ചോദ്യങ്ങൾ നേരിടേണ്ടിവരും’’–ജഗദീഷ് പറഞ്ഞു.

ഹേമ കമ്മിറ്റി അടിസ്ഥാനമാക്കി ഹൈക്കോടതി ഉചിതമായ തീരുമാനമെടുക്കും. അത് ഞങ്ങൾക്ക് സ്വീകാര്യമായ കാര്യമാണ്. അതിനു ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. അറിവുള്ള കാര്യങ്ങൾ മൊഴിയായി രേഖപ്പെടുത്താനും തയ്യാറാണ്. ഹേമ കമ്മിറ്റി രൂപംകൊണ്ടതോടെയാണ്  പരാതികൾ പറയാൻ വേദിയൊരുങ്ങിയത്. സിനിമാമേഖലയിൽ വലിയ മാറ്റങ്ങൾ ഇക്കാലത്തുണ്ടായിട്ടുണ്ട്. എന്നു കരുതി അഞ്ചുകൊല്ലം മുൻപ് നടന്നാലും പത്തുകൊല്ലം മുൻപ് നടന്നാലും ലൈംഗിക ചൂഷണം സ്വാഗതം ചെയ്യപ്പെടേണ്ട കാര്യമല്ല. അതിനെതിരെ നടപടിയെടുക്കണം. അമ്മയിലെ ആർക്കെങ്കിലും എതിരെ പരാതി വന്നിട്ടുണ്ടെങ്കിൽ അവർ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു.

ദിലീപിന്റെ കേസിൽ സംഘടനയിൽ തീരുമാനം വരുന്നതിന് മുൻപ് തന്നെ ദിലീപ് രാജിവച്ചു. അയാൾക്കെതിരെ പിന്നീട് അമ്മ അച്ചടക്ക നടപടി എടുക്കേണ്ട കാര്യമില്ല. അക്കാര്യത്തിൽ കോടതിയാണ് ഇനി വിധി പറയേണ്ടത്. ആക്രമിക്കപ്പെട്ട നടിക്ക് നീതികിട്ടണമെന്ന കാര്യത്തിൽ അമ്മ ഉറച്ചുനിൽക്കുകയാണ്. ആരാണ് കുറ്റവാളിയെന്ന് കോടതി തീരുമാനിക്കും. കോടതിവിധി അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ജഗദീഷ്ചൂണ്ടിക്കാട്ടി. ഇന്റേണൽ കമ്മിറ്റി പഴുതുകൾ ഉള്ള സംവിധാനമാണ്. യഥാർഥത്തിൽ ഒരു തൊഴിലിടത്തിൽ കമ്മിറ്റി രൂപീകരിക്കാം. ഒരോ സിനിമയിലും ഓരോ കമ്മിറ്റി വേണോ, അതോ സിനിമാമേഖലയ്ക്ക് മൊത്തമായിട്ട് ഒന്നുമതിയോ എന്നു തീരുമാനിക്കണമെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

ആരോപണങ്ങൾ ആർക്കുനേരെ വന്നാലും അന്വേഷിക്കപ്പെടണം. അതിക്രമങ്ങൾക്കെതിരെ ഒന്നിച്ചുനിന്ന് പരിഹാരം കണ്ടെത്തണം. ഹേമകമ്മിറ്റിയുടെ മുന്നിൽ പറഞ്ഞ കാര്യങ്ങൾ പരാതിയായി അമ്മയ്ക്ക് ലഭിച്ചിട്ടില്ല. അതിനർഥം ചൂഷണം നടന്നുണ്ടാകില്ലെന്നല്ല, നടന്നിട്ടുണ്ടാകാം. അതുണ്ടായവർ തന്നെയാകണം പരാതി പറഞ്ഞിട്ടുള്ളത്. അത് എങ്ങനെയാണ് പരിഹരിക്കേണ്ടതെന്ന് ജസ്റ്റിസ് ഹേമ നിർദേശിച്ചാൽ അതും അമ്മ പരിഗണിക്കും. അവസരം നിഷേധിക്കപ്പെട്ടു എന്ന് ഒരു നടിപറയുമ്പോൾ അത് അന്വേഷിക്കണം. നിഷേധിച്ചതാര്, എന്തുകൊണ്ടാണ് നിഷേധിച്ചു എന്നീ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കണം.

English Summary:

Jagadeesh Calls for Comprehensive Investigation Following Hema Committee Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com