ADVERTISEMENT

തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമാ മേഖലയില്‍ ലൈംഗിക ആരോപണങ്ങള്‍ ശക്തമായതോടെ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നു വ്യക്തമാക്കി മന്ത്രിയും നടനുമായ കെ.ബി.ഗണേഷ് കുമാര്‍. പ്രതികരിക്കേണ്ടത് സാംസ്‌കാരിക മന്ത്രിയാണെന്നും താൻ ഗതാഗത മന്ത്രിയാണെന്നും ഗണേഷ് മാധ്യമങ്ങളോടു പറഞ്ഞു.

‘‘വിഷയത്തില്‍ പ്രതികരിക്കേണ്ടത് സാംസ്‌കാരിക മന്ത്രിയാണ്. അദ്ദേഹം കൃത്യമായ വിവരങ്ങൾ നിങ്ങൾക്കു തരുന്നുണ്ട്. ഞാന്‍ ഗതാഗത മന്ത്രിയാണ്. കഴിഞ്ഞ 23 വര്‍ഷമായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുകയാണ്. എന്നെ വിട്ടേക്കൂ, എന്നില്‍ ഔഷധമൂല്യം ഒന്നുമില്ല. എന്റെ പിന്നാലെ നടക്കേണ്ട. ഈ വിഷയത്തിൽ നല്ലതും ചീത്തയുമായ അഭിപ്രായം പറയില്ല. അതു ശരിയല്ല.

ഒരാളെ ഉപദ്രവിക്കുന്നതിന് ഒരു മര്യാദയുണ്ട്. ഞാൻ ഒന്നിനും വരുന്നില്ലല്ലോ. വാർത്താസമ്മേളനം വിളിക്കുന്നില്ല, ആരെയും കാണുന്നുമില്ല. ജനങ്ങൾക്കുവേണ്ടി ഞാൻ ജോലി ചെയ്യുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടു സർക്കാരിന്റെ നയം മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും വ്യക്തമാക്കിയതാണ്. നിയമം നിയമത്തിന്റെ വഴിയിൽ പോകുമെന്നാണ് ഇടതുപക്ഷ സർക്കാരിന്റെ നിലപാട്. ആരെയും സഹായിക്കാൻ ഞങ്ങളില്ല’’– ഗണേഷ് പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്, ‘അമ്മ’ ജനറൽ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദീഖ് എന്നിവർ ആരോപണങ്ങളെ തുടർന്നു രാജിവച്ചിരുന്നു. സർക്കാരിനെതിരെ വിമർശനം കടുത്തതോടെ ചലച്ചിത്ര മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം.

English Summary:

Ganesh Kumar Deflects on Film Industry Harassment Scandal, Points to Culture Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com