ADVERTISEMENT

കോട്ടയം ∙ കേരളത്തിൽ സ്ത്രീസുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നടൻ സിദ്ദീഖിനെതിരായി പൊലീസിൽ പരാതി നൽകിയിട്ടും നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അതിജീവിത പറഞ്ഞത്. പൊലീസിൽ പരാതി നൽകിയാൽ അന്വേഷിക്കാം എന്നായിരുന്നു നേരത്തേ മന്ത്രിമാർ പറഞ്ഞിരുന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടത്.

പൊലീസിൽനിന്നും മോശം സമീപനമാണ് ഉണ്ടായത് എന്നാണ് അതിജീവിത പറയുന്നത്. ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്കാവില്ല, മറുപടി പറയണം. മുഖ്യമന്ത്രിക്ക് ആഭ്യന്തര മന്ത്രിയായി ഇരിക്കാൻ യോഗ്യതയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ മന്ത്രിമാർ പറഞ്ഞത് ആരും തന്നെ പരാതി നൽകിയിട്ടില്ല എന്നാണ്. അതിജീവിതയുടെ തുറന്നുപറച്ചിലിലൂടെ മന്ത്രിമാരുടെ വാദങ്ങൾ പൊള്ളയാണെന്നു മനസ്സിലായി. ഇപ്പോൾ സർക്കാർ പറയുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ട് മാത്രം കാര്യമില്ല, ബുദ്ധിമുട്ട് അനുഭവിച്ചവരെല്ലാം പരാതി നൽകണമെന്നാണ്. വിചിത്രമായ വാദമാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വെറും കടലാസ് റിപ്പോർട്ടാണെങ്കിൽ മുഖ്യമന്ത്രി തുറന്നു പറയണം.

കൊല്ലം എംഎൽഎ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളിലും സർക്കാർ ബോധപൂർവം കണ്ണടയ്ക്കുന്നു. കേന്ദ്രത്തിൽ മന്ത്രിയായിരുന്ന എം.ജെ.അക്ബറിന് ഒരു മീടൂ ആരോപണത്തിന്റെ പേരിൽ രാജിവയ്ക്കേണ്ടി വന്നു. അന്ന് ഇടതുപക്ഷവും കോൺഗ്രസും എല്ലാം അക്ബറിന്റെ രാജി ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തി. എന്നാൽ കേരളത്തിൽ ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും സിപിഎം മൗനം അവലംബിക്കുകയാണ്. സിദ്ദീഖിന്റെ കാര്യത്തിൽ കോൺഗ്രസും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.

കേരളത്തിൽ സ്ത്രീസുരക്ഷ സമ്പൂർണമായി ചോദ്യം ചെയ്യപ്പെടുന്നു. സർക്കാർ തന്നെ വേട്ടക്കാർക്ക് ഒപ്പം നിൽക്കുകയാണ്. താൽപര്യമുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ്. ബംഗാളിലെ സിപിഎം സഹയാത്രികയായ നടി തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചിട്ടും വൃന്ദ കാരാട്ട് പോലും എത്ര ലാഘവത്തോടെയാണ് സംസാരിക്കുന്നത്? മന്ത്രി വീണാ ജോർജ് വാചകകസർത്ത് മാത്രമാണ് നടത്തുന്നത്. പരാതി പറയാനെത്തുന്നവരെ അധിക്ഷേപിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary:

Hema Committee Report: Paper Tiger or Damning Evidence? BJP Questions Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com