ADVERTISEMENT

തിരുവനന്തപുരം∙ സിനിമാ മേഖലയിലെ വനിതകൾ ഉന്നയിച്ച പീഡനാരോപണങ്ങളും പരാതികളും വനിതാ പൊലീസ് ഉദ്യോഗസ്ഥർ മാത്രം അന്വേഷിക്കുമെന്ന് സർക്കാർ. മൊഴിയും തെളിവുശേഖരണവും നാല് വനിതാ ഉദ്യാഗസ്ഥർ നടത്തും. മറ്റു കാര്യങ്ങളിൽ സഹായിക്കുക മാത്രമാണ് പുരുഷ ഉദ്യോഗസ്ഥരുടെ ചുമതല. പരാതികൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ പുരുഷന്മാരെ ഉൾപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിന്റെ വിശദീകരണം. 

ഐജി ജി.സ്പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ 4 വനിതാ ഉദ്യോഗസ്ഥരാണുള്ളത്. ‍ഡിഐജി എസ്.അജിതാ ബീഗം, ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ്, കോസ്റ്റൽ പൊലീസ് എഐജി ജി.പൂങ്കുഴലി, പൊലീസ് അക്കാദമി അസി.ഡയറക്ടർ ഐശ്വര്യ ഡോംഗ്രെ എന്നിവരാണ് സംഘത്തിലെ വനിതകൾ. ഇവരെ കൂടാതെ എഐജി വി.അജിത്, ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനൻ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്.  ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിനാണ് പ്രത്യേക സംഘത്തിന്റെ മേൽനോട്ടം.

അതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തൽ വനിതാ ഉദ്യോഗസ്ഥർ ആരംഭിച്ചതായാണ് വിവരം. ഹേമ കമ്മിറ്റിക്കു മുൻപാകെ വനിതകൾ നൽകിയ മൊഴികളുടെയും വിവരിച്ച ദുരനുഭവങ്ങളുടെയും അടിസ്ഥാനത്തിലുള്ള അന്വേഷണം പ്രത്യേക സംഘം നടത്തില്ലെന്നാണ് സൂചന. സിനിമാരംഗത്തു പ്രവർത്തിക്കുന്ന വനിതകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ചാകും സംഘം അന്വേഷിക്കുക.

English Summary:

All-Female Police Team to Investigate Film Industry Harassment in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com