ADVERTISEMENT

കൊൽക്കത്ത∙ആർ.ജി.കാർ മെഡിക്കൽ കോളജിൽ ക്രൂരമായ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനയായ 'പശ്ചിംബംഗ ഛത്രോ സമാജ്' ആഹ്വാനം ചെയ്ത സെക്രട്ടേറിയറ്റ് മാർച്ച് അടിച്ചമർത്തി മമതാ സർക്കാർ. പ്രതിഷേധം  സെക്രട്ടേറിയറ്റിന് കിലോമീറ്ററുകൾ അകലെവച്ച് തന്നെ പൊലീസ് ബാരിക്കേഡും കണ്ടെയ്നറുകളും വച്ച് തടഞ്ഞു. ദേശീയ പതാകയേന്തി ആയിരക്കണക്കിന് പേരാണ് മമതാ ബാനർജി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിലൂടെ പ്രകടനവുമായി എത്തിയത്.

സമാധാനപരമായി നടക്കുന്ന സമരത്തെ അടിച്ചമർത്തരുതെന്ന് നേരത്തെ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ആവശ്യപ്പെട്ടിരുന്നു. 'നഭന്ന അഭിജാൻ’ മാർച്ചിന് ബിജെപിയും പരോക്ഷ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രതിഷേധക്കാർ ഇപ്പോഴും നഗരത്തിൽ തുടരുകയാണ്. ഇവർ വീണ്ടും സംഘടിച്ചെത്തുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. പ്രതിഷേധക്കാരും പൊലീസും നേർക്ക് നേർ ഏറ്റുമുട്ടിയതോടെ കൊൽക്കത്ത നഗരം നിശ്ചലമായിരിക്കുകയാണ്. പലയിടത്തും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധ മാർച്ചിനിടെ പൊലീസിന് നേർക്ക് കല്ലേറുണ്ടായി. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്നാണ് കല്ലേറുണ്ടായത്. ഇതോടെ പൊലീസ് പലയിടത്തും ലാത്തി വീശി. പ്രതിഷേധക്കാർ പിരിഞ്ഞു പോകാതെ വന്നതോടെ പലയിടത്തും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നു. സെക്രട്ടേറിയറ്റ് മാർച്ചിനിടെ അക്രമം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 6000 ഓളം പൊലീസുകാരെയാണ് നഗരത്തിൽ ഒട്ടാകെ വിന്യസിച്ചിരുന്നത്. സമരക്കാരെ നേരിടാൻ നഗരത്തിലെ 70 ശതമാനത്തോളം റോഡുകള്‍ അടക്കുകയും റോഡുകളിൽ കണ്ടെയ്നറുകളും ബാരിക്കേഡുകളും സ്ഥാപിക്കുകയും ചെയ്തിരുന്നു.

അതിനിടെ കൊൽക്കത്ത കൊലപാതകം നടന്ന ആർ.ജി.കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പിഎംഎൽഎ വകുപ്പ് പ്രകാരം കേസ് റജിസ്ടർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വിവിധ വകുപ്പുകൾ പ്രകാരം സിബിഐ റജിസ്ടർ ചെയ്ത എഫ്ഐആർ കണക്കിലെടുത്താണ് ഇഡിയും കേസെടുത്തിരിക്കുന്നത്.

English Summary:

Kolkata Erupts: Thousands March Demanding Justice for Doctor's Alleged Rape and Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com