ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ വെള്ളിയാഴ്ച ബിജെപിയിൽ ചേരും; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
Mail This Article
ന്യൂഡൽഹി ∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) മുതിർന്ന നേതാവുമായ ചംപയ് സോറൻ വെള്ളിയാഴ്ച ബിജെപിയിൽ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. എക്സിലെ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജാർഖണ്ഡിന്റെ ചുമതലയുള്ള ബിജെപി നേതാവാണ് ഹിമന്ത.
ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചംപയ് സോറൻ കൂടിക്കാഴ്ച നടത്തുന്ന ചിത്രവും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന് നിർണായക പങ്കുവഹിച്ച, ആദിവാസി സമൂഹത്തിൽ വലിയ സ്വാധീനമുള്ള നേതാവാണ് ചംപയ് സോറൻ. മുഖ്യമന്ത്രി ഹേമന്ത് സോറനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് പാർട്ടി വിടുന്നത്.
കള്ളപ്പണക്കേസിൽ ഈ വർഷം ഫെബ്രുവരിയിൽ ഹേമന്ത് സോറൻ അറസ്റ്റിലായപ്പോൾ ചംപയ് സോറനായിരുന്നു പകരം മുഖ്യമന്ത്രിയായത്. കേസിൽ ജാമ്യം ലഭിച്ചു ഹേമന്ത് സോറൻ മടങ്ങിയെത്തിയതോടെ സ്ഥാനം ഒഴിഞ്ഞുകൊടുത്തു. 5 മാസമാണ് ചംപയ് സോറൻ മുഖ്യമന്ത്രിപദത്തിലിരുന്നത്. മുഖ്യമന്ത്രി പദം ഒഴിഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള തർക്കങ്ങൾ ആരംഭിച്ചത്. മുഖ്യമന്ത്രിപദവിയിൽ പാർട്ടി നേതൃത്വത്തിൽനിന്നു കടുത്ത അപമാനം നേരിട്ടുവെന്ന് ആരോപിച്ച ചംപയ് സോറൻ, തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിനു തുടക്കമായെന്നു സമൂഹമാധ്യമമായ എക്സിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
‘മുന്നിൽ 3 സാധ്യതകളാണുള്ളത്. രാഷ്ട്രീയത്തിൽനിന്നു വിരമിക്കുക എന്നതാണ് ആദ്യത്തേത്. സ്വന്തം പാർട്ടി രൂപീകരിക്കുകയെന്നതു രണ്ടാമത്തേത്. ഈ വഴിയിൽ ആരെയെങ്കിലും ഒപ്പം കിട്ടിയാൽ അവർക്കൊപ്പം സഞ്ചരിക്കുകയെന്നതാണു മൂന്നാമത്തേത്’ - ഒരാഴ്ച മുൻപുള്ള പോസ്റ്റിൽ അദ്ദേഹം കുറിച്ചു. വിയർപ്പും രക്തവും നൽകി വളർത്തിയെടുത്ത പാർട്ടിയെ ദ്രോഹിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാനാകില്ലെന്നും ഇതു തന്റെ വ്യക്തിപരമായ പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.