നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടാൻ പ്രോസിക്യൂഷൻ ശ്രമമെന്നു പൾസർ സുനിയുടെ അഭിഭാഷകൻ
Mail This Article
ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടിക്കൊണ്ടുപോകാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നുവെന്നു പൾസർ സുനിയുടെ (എൻ.എസ്. സുനിൽ) അഭിഭാഷകൻ സുപ്രീംകോടതിയിൽ. ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകന്റെ പരാമർശം. പൾസർ സുനിയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും ചികിത്സയ്ക്കായി ജാമ്യം നൽകണമെന്നുമാണ് അഭിഭാഷകനായ ശ്രീറാം പറക്കാട്ടിന്റെ വാദം. ജഡ്ജിമാരായ അഭയ് എസ്. ഒക, അഗസ്റ്റിൻ ജോർജ് മാസിഹിന്റെയും ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ദിലീപിനെ 95 ദിവസം ക്രോസ് വിസ്താരം നടത്തിയെന്ന് ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. സാക്ഷിപ്പട്ടികയിൽ 261 പേരാണ് ഉള്ളത്. സാക്ഷി വിസ്താരം ഇതുവരെയും പൂർത്തിയാക്കുന്നില്ലെന്നും പലഘട്ടങ്ങളിലായി സാക്ഷികളെ ചേർത്ത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണു ശ്രമിക്കുന്നതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഏഴു വർഷമായി കസ്റ്റഡിയിലാണെന്നും വിചാരണയുടെ പുരോഗതി എന്തെന്നും ജസ്റ്റിസ് ഒക ചോദിച്ചു. കേസിൽ ഇതുവരെ എത്ര സാക്ഷികളെ വിസ്തരിച്ചുവെന്നും റിപ്പോർട്ട് നൽകണമെന്നും കോടതി പറഞ്ഞു. അതേസമയം, മറുപടി നൽകാൻ സർക്കാർ രണ്ടാഴ്ച സാവകാശം തേടിയിട്ടുണ്ട്.