അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Mail This Article
തിരുവനന്തപുരം∙ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ (വെള്ളിയാഴ്ച) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ്, അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അർഥമാക്കുന്നത്. ഇതിന് പുറമെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനവും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ടാണ്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണു പ്രതീക്ഷിക്കുന്നതെന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന നിർദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.