ADVERTISEMENT

കൊൽക്കത്ത∙ യുവഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി ആരോപണം തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തനിക്കെതിരെ വിദ്വേഷ, അപകീര്‍ത്തി പ്രചാരണം നടക്കുകയാണെന്നു മമത ആരോപിച്ചു. ആർ.ജി കാര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബംഗാളില്‍ പ്രതിഷേധം കനക്കുമ്പോഴായിരുന്നു മമതയ്‌ക്കെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. 

‘‘വിദ്യാർഥികള്‍ക്കോ അവരുടെ പ്രതിഷേധങ്ങള്‍ക്കോ എതിരായി ഞാന്‍ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. ഞാന്‍ അവരുടെ നീക്കത്തെ പൂര്‍ണമായും പിന്തുണക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ ആത്മാർഥതയുള്ളതാണ്. ചിലയാളുകള്‍ ആരോപിക്കുന്നത് പോലെ ഞാനൊരിക്കലും അവരെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഈ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണ്’’ – മമത ബാനർജി എക്സിൽ കുറിച്ചു. 

കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ സംസ്ഥാനത്തിന്റെ ജനാധിപത്യത്തിനു ഭീഷണിയാകുന്ന, അരാജകത്വം സൃഷ്ടിക്കുന്ന ബിജെപിക്കെതിരെ താന്‍ സംസാരിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു. കേന്ദ്രത്തിന്റെ പിന്തുണയോടെ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണു ബിജെപിയെന്നും മമത കുറ്റപ്പെടുത്തി. 

അതിനിടെ, മമത ബാനർജിയുടെ വസതി തകർക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചു അഞ്ച് പേരെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. വാട്സാപ്പ് ഗ്രൂപ്പ് വഴിയായിരുന്നു ഇവരുടെ ആഹ്വാനം. വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ഉൾപ്പടെയുള്ളവരെയാണു ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ‘ഞങ്ങൾക്ക് നീതി വേണം’ എന്ന തലക്കെട്ടിലുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലാണ് ഗൂഢാലോചന നടന്നത്.

English Summary:

Mamata Banerjee Denies Threatening Doctors, Supports Student Protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com