ADVERTISEMENT

കൊച്ചി ∙ കെഎസ്ആർടിസിയിൽനിന്നു വിരമിച്ചവർക്കുള്ള ഓഗസ്റ്റിലെയും സെപ്റ്റംബറിലെയും പെൻഷൻ ഓണത്തിനു മുൻപു നൽകണമെന്നു ഹൈക്കോടതി. വിരമിച്ചവർ ഇനിയും ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടാകരുതെന്നും കോടതി പറഞ്ഞു. പെൻഷൻ മുടങ്ങിയതു മൂലം പൗരൻ ജീവനൊടുക്കുന്നതു വേദനയുണ്ടാക്കുന്ന കാര്യമാണ്. സർക്കാരിനു വേദന തോന്നാത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ ചോദിച്ചു.

തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച ജീവനക്കാരൻ എം.സുരേഷ് ജീവനൊടുക്കിയതു പെൻഷൻ മുടങ്ങിയതുമൂലമാണോ എന്നു പരിശോധിച്ചിരുന്നോ എന്നും കോടതി ചോദിച്ചു. സാധ്യമായ എല്ലാം ചെയ്യുന്നുണ്ടെന്നും ജൂലൈയിലെ പെൻഷൻ നൽകിക്കഴിഞ്ഞെന്നും ഓഗസ്റ്റിലേത് ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്നും സർക്കാർ അറിയിച്ചു. പെൻഷൻ വിതരണം നൽകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

പെൻഷൻ ലഭിക്കാത്തതു മൂലം നാലു പേർ ജീവനൊടുക്കിയിട്ടുണ്ടെന്നാണു ലഭിച്ച വിവരമെന്നു കോടതി പറഞ്ഞു. ഇത് ശരിയോ തെറ്റോ ആകാം. എന്നാൽ ഇത്തരം സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. കോടതിയുടെ നിർദേശങ്ങളും ഉത്തരവുകളും സമയത്തു ജനങ്ങളിൽ എത്താത്തതു നിർഭാഗ്യകരമാണ്. പെൻഷൻകാർ ഇത്തരം കടുത്ത പ്രവർത്തികളിലേക്കു പോകരുത്. കോടതി വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഈ വിഷയത്തിൽ സ്വമേധയാ കോടതിയലക്ഷ്യ കേസെടുക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

42,0000ത്തിലേറെ പെൻഷൻകാരാണുള്ളത്. വായ്പ അടയ്ക്കാൻ പറ്റാത്തതിനാലാണു തിരുവനന്തപുരത്തു വിരമിച്ച ജീവനക്കാരൻ ആത്മഹത്യ ചെയ്തതെന്നു സർക്കാർ ഇതിനിടെ വ്യക്തമാക്കി. സർക്കാർ വിശദീകരണം നൽകണമെന്നു വ്യക്തമാക്കിയ കോടതി ഹർജി സെപ്റ്റംബർ നാലിന് പരിഗണിക്കാൻ മാറ്റി.

English Summary:

KSRTC Pension Crisis: High Court Orders Disbursement Before Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com