‘ഭാരത് ഡോജോ യാത്രാ’ സൂചനകൾ നൽകി രാഹുൽ; ബ്ലൂ ബെൽറ്റിൽ ജാപ്പനീസ് ആയോധന കല പരിശീലിക്കുന്ന ദൃശ്യങ്ങൾ – വിഡിയോ
Mail This Article
ന്യൂഡൽഹി∙ ജാപ്പനീസ് ആയോധനകലയായ ജിയു–ജിറ്റ്സു പരിശീലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമയത്തു നടത്തിയ പരിശീലന ദൃശ്യങ്ങളാണു ദേശീയ കായിക ദിനത്തിൽ രാഹുൽ പങ്കുവച്ചത്. ക്യാംപിലുണ്ടായിരുന്നവർ ആരോഗ്യം നിലനിർത്താനായി ‘ജിയു–ജിറ്റ്സു’ പോലുള്ള ആയോധനകലകളും ധ്യാനവും അഭ്യസിച്ചിരുന്നതായി രാഹുൽ കുറിപ്പിൽ പറയുന്നുണ്ട്. എട്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ അദ്ദേഹം കുട്ടികളെ വിവിധ വിദ്യകള്‍ അഭ്യസിപ്പിക്കുന്നതും കാണാം. ഐക്കിഡോയിൽ ബ്ലാക്ക് ബെൽറ്റും ജിയു-ജിറ്റ്‌സുവിൽ ബ്ലൂ ബെൽറ്റും തനിക്കുണ്ടെന്നും രാഹുൽ വിഡിയോയിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
‘‘ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ, ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ഞങ്ങൾ യാത്ര ചെയ്യുമ്പോൾ, ഞങ്ങളുടെ ക്യാംപിൽ എല്ലാ വൈകുന്നേരവും ജിയു-ജിറ്റ്സു പരിശീലിക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു. ആരോഗ്യം നിലനിർത്തുന്നതിനുള്ള ലളിതമായ മാർഗം എന്ന നിലയിലാണ് പരിശീലനം ആരംഭിച്ചത്. യാത്രയിലെ സഹയാത്രികരെയും ഞങ്ങൾ താമസിച്ചിരുന്ന പട്ടണങ്ങളിലെ യുവ ആയോധനകല വിദ്യാർത്ഥികളെയും ഒരുമിപ്പിച്ചുകൊണ്ടുള്ള ഒരു കൂട്ടായ പരിശീലനമായി അതു മാറി. ധ്യാനം, ജിയു-ജിറ്റ്‌സു, ഐകിഡോ, എന്നിവയുടെ സമന്വയ സംയോജനമായ ആയോധന കലയാണ് ഞങ്ങൾ അവതരിപ്പിച്ചത്. ഒരു നല്ല സമൂഹം കെട്ടിപ്പടുക്കുന്നതിനും അക്രമത്തെ സൗമ്യതയിലേക്കു മാറ്റുന്നതിനുമുള്ള മൂല്യം അവരിൽ വളർത്താനുമാണ് ഞങ്ങൾ ഇതിലൂടെ ലക്ഷ്യമിട്ടത്. ഈ ദേശീയ കായികദിനത്തിൽ, നിങ്ങളിൽ ചിലരെ ഈ 'സൗമ്യകല' പരിശീലിപ്പിക്കാൻ പ്രചോദിപ്പിക്കുമെന്ന പ്രതീക്ഷയിൽ, ഞങ്ങളുടെ അനുഭവം എല്ലാവരുമായും പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.’’
എന്നാൽ കുറിപ്പിന്റെ അവസാനത്തെ വരിയിൽ മറ്റൊരു കാര്യം കൂടി പറഞ്ഞാണു രാഹുൽ അവസാനിപ്പിക്കുന്നത്. ‘‘ഭാരത് ഡോജോ യാത്ര ഉടൻ വരുന്നു’’. ഡോജോ എന്നത് ആയോധന കലകൾക്കായുള്ള പരിശീലന ഹാൾ അല്ലെങ്കിൽ സ്കൂളിനെയാണ് സൂചിപ്പിക്കുന്നത്. എന്തായാലും വലിയ ഒരുക്കം അണിയറയിൽ നടക്കുന്നുവെന്നു തന്നെയാണു പങ്കുവച്ച എക്സിലെ കുറിപ്പിലൂടെ രാഹുൽ വ്യക്തമാക്കുന്നത്. 2022 സെപ്റ്റംബറിനും 2023 ജനുവരിക്കും ഇടയിലാണു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആദ്യ ഭാരത് ജോഡോ യാത്ര നടത്തിയത്. ഒരു വർഷത്തിന് ശേഷം മണിപ്പൂരിൽ നിന്ന് മുംബൈയിലേക്ക് രണ്ടു മാസത്തോളം നീണ്ട ഭാരത് ജോഡോ ന്യായ് യാത്രയും രാഹുൽ നടത്തിയിരുന്നു.